Tuesday, September 1

സംസ്ഥാനത്ത് അതിതീവ്ര മഴ ; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

പുറത്തിറങ്ങുമ്പോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുത്.
ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണമെന്നും ഇത് അപകടങ്ങള്‍ അറിയിക്കാന്‍ മാത്രമുള്ള എമര്‍ജന്‍സി നമ്പരാണെന്നും അറിയിപ്പില്‍ പറയുന്നു.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്‌സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകുമെന്നും ജാഗ്രത പുലര്‍ത്താണമെന്നും കെഎസ്ഇബി അറിയിച്ചു.