താനൂര്‍ : താനൂര്‍ നിയോജക മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 1.5 കോടി രൂപയുടെ ഭരണാനുമതി. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മണ്ഡലത്തിലെ 22 റോഡുകള്‍ നവീകരിക്കാനായാണ്1.5 കോടി രൂപ അനുവദിച്ചതായി കായിക, വഖഫ്, ഹജ്ജ് തിര്‍ത്ഥാടന മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. കാലവര്‍ഷത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍, ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകളിലെ റോഡുകളാണ് നവീകരിക്കുന്നത്.
നേരത്തെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് വഴി വലിയ റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ ഫണ്ടനുവദിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗമാണ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു.