തിരൂരങ്ങാടിയില്‍ കടകളില്‍ പരിശോധന കര്‍ശനമാക്കി പൊതുവിതരണ വകുപ്പ് ; 12 കടകളില്‍ ക്രമക്കേടുകള്‍

തിരൂരങ്ങാടി : പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ മാംസ വ്യാപാര കേന്ദ്രങ്ങളിലായി തിരൂരങ്ങാടി താലൂക്കില്‍ പടിക്കല്‍, പറമ്പില്‍പ്പീടിക എന്നിവിടങ്ങളില്‍ പരിശോധന നടത്തി പൊതുവിതരണ വകുപ്പ്. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 12 കടകളിലായി 11 ക്രമക്കേടുകള്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കി. ഇത്തരത്തില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്ക രീതിയില്‍ ത്രാസ് പ്രദര്‍ശിപ്പിക്കാതിരിക്കുക, ഒരേ സ്ഥലത്ത് തന്നെ ഒരേ സാധനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, ആവശ്യമായ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എ.എം. ബിന്ധ്യ, സി.എ ഹാസിം, ഇസ്ഹാഖ് പോത്തഞ്ചേരി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍, പൊതുവിതരണം, റവന്യൂ, ലീഗല്‍ മെട്രോളജി, ഫുഡ് ആന്‍ഡ് സേഫ്റ്റി, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് ജില്ലയിലുടനീളം വ്യാപക പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ എല്ലാവരുടെയും സഹകരണം ജില്ലാ സപ്ലൈ ഓഫീസര്‍ അഭ്യര്‍ഥിച്ചു

error: Content is protected !!