പുതുവര്‍ഷം പുലരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ശരീരത്തിനകത്തും ഡ്രസ്സുകളില്‍ തേച്ചു പിടിപ്പിച്ചും പുത്തന്‍ രീതികളിലും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 376 കേസുകളില്‍ നിന്നാണ് ഇത്രയും കോടി വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്.
2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 376 കേസുകളില്‍ നിന്നായി 270.536 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 172.19 കോടി രൂപ വിലമതിക്കും. ഇത്രയും കേസുകളില്‍ 163 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ ഭൂരിഭാഗവും ശരീരത്തിന് അകത്ത് ഒളിപ്പിച്ച് കടത്തിയത് ആണ്.
ഇത് കൂടാതെ യാത്രക്കാരുടെ ഡ്രസ്സുകളില്‍ തേച്ച് പിടിപ്പിച്ച രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന അടിവസ്ത്രത്തിലും ബനിയനുകളിലും സ്ത്രീ യാത്രികരുടെ ബ്രസിയറുകളിലും പര്‍ദയിലും തേച്ച് പിടിപ്പിച്ച രീതിയില്‍ കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. അത് കൂടാതെ ബാഗേജ് ആയി കൊണ്ടുവന്ന മിക്‌സിക്ക് ഉള്ളിലും, ട്രോളി ബാഗിന്റെ ബീഡിങ്ങിന്റെ ഉള്ളിലും, ട്രിമ്മറിന്റെ മോട്ടറിന്റെ ഉള്ളിലും, എമര്‍ജന്‍സിയുടെ ഉള്ളിലും, കത്തികളുടെ പിടികള്‍ക്ക് ഉള്ളിലും, സാരികളില്‍ തേച്ച് പിടിപ്പിച്ചും, എയര്‍പോടിന്റെ ഉള്ളിലും, ഫ്‌ലാസ്‌ക്കിന്റെ ഉളിലും, വാഷ് ബേസിന്റെ ടാപ്പിന് ഉള്ളിലും, കാര്‍ട്ടന്‍ ബോക്‌സിന്റെ പാളികള്‍ക്ക് ഉള്ളില്‍ തേച്ച് പിടിപ്പിച്ചും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവും കസ്റ്റംസ് കഴിഞ്ഞ വര്‍ഷം പിടിച്ചിരുന്നു. ഇത് കൂടാതെ എയര്‍പോര്‍ട്ടിന്റെ ടോയ്ലറ്റിലും വിമാനത്തിന് അകത്തും ഒളിപ്പിച്ചു വെച്ച സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടിയിരുന്നു.
സ്വര്‍ണം കൂടാതെ കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച സിഗരറ്റുകളും വിദേശ കറന്‍സികളും കസ്റ്റംസ് കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു. 55 കേസുകളിലായി 85059 സിഗരറ്റുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇതിന് ഏകദേശം 35.49 ലക്ഷം രൂപ വിലമതിക്കും. ഇത് കൂടാതെ 9 കേസുകളിലായി 56.28 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.