സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷന്‍ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസല്‍ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അന്‍വര്‍ അമീന്‍ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകള്‍ക്കാണ് അവസാനവട്ട ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചത്.

കേരളത്തില്‍നിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നല്‍കാന്‍ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരാമര്‍ശിച്ചു.

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദില്ലി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനര്‍, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. എറണാകുളം ലോ കോളേജിലും എംഎസ്എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാന്‍ 1998 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ദില്ലി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ദില്ലി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ദില്ലിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും ഹാരിസ് ബീരാനാണ്.

പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേര്‍ണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യുപിഎ സര്‍ക്കാര്‍ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ദില്ലിയില്‍ അഭിഭാഷകനായി. സുപ്രീംകോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വികെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടികെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!