മലപ്പുറം : ക്രിസ്മസ് – പുതുവത്സര കാലയളവില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന പ്രത്യേക ചന്തകള്‍ ജില്ലയില്‍ ഡിസംബര്‍ 23ന് തുടങ്ങും. ജനുവരി ഒന്നു വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
ജില്ലാതല ചന്ത മലപ്പുറം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലാണ് നടത്തുന്നത്. ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, പരപ്പനങ്ങാടി, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിങ്ങനെ 11 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും ക്രിസ്മസ് – പുതുവത്സര ചന്ത നടത്തുന്നുണ്ട്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ക്രിസ്മസ് കേക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും ചന്തകളില്‍ വില്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജര്‍ അറിയിച്ചു.