Tuesday, October 14

‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു

തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘ശുഊര്‍’ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു. ഇന്നലെ രാത്രി വാഴ്‌സിറ്റിയില്‍ വെച്ച് നടന്ന സമാപന സമ്മേളനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും അവ ജീവിതത്തില്‍ പുലര്‍ത്തണമെന്നും യുദ്ധ ഭൂമിയില്‍ പോലും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ച പ്രവാചക പാഠങ്ങള്‍ പുതിയ കാലത്തിനു വലിയ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്നും ലോകത്ത് സമാധാനം പുലരണം എന്നും തങ്ങള്‍ പ്രസ്താവിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇശ്ഖ് മജ്ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കി.

ദാറുല്‍ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗിന് കീഴില്‍ ആരംഭിക്കുന്ന ‘ഇന്‍സീഡ്’ അന്താരാഷ്ട്ര പ്രീ സ്‌കൂള്‍ പദ്ധതി സയ്യിദ് സ്വാദിഖലി തങ്ങള്‍ ലോഞ്ച് ചെയ്തു. തെളിച്ചം മാസിക വെബ്‌സീന്‍ ലോഞ്ചിംഗ് കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു.

യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, ഹംസ ഹാജി മൂന്നിയൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഹസന്‍ കുട്ടി ബാഖവി, എ.ടി ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട്, ഡോ. റഫീഖലി ഹുദവി, അബ്ദു ശക്കൂര്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ പങ്കെടുത്തു. പി.കെ അബ്ദുന്നാസര്‍ ഹുദവി കൈപ്പുറം നന്ദി പറഞ്ഞു.

error: Content is protected !!