
*കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍ നടന്ന പരിപാടി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് മികച്ച കായിക കേരളത്തിനായി പരിശ്രമിക്കണന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി കായിക പഠനം പ്രൈമറി തലത്തിലും പ്രാവര്‍ത്തികമാക്കാന്‍ യത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ 830 പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകളിലും ഉടന്‍ രൂപീകരിക്കും. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയനുസരിച്ച് ഇനി 165 പഞ്ചായത്തുകളിലാണ് കളിക്കളം നിര്‍മിക്കാനുള്ളത്. തദ്ദേശ സ്ഥാപന മേധാവികളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാലുടന്‍ ഈ പഞ്ചായത്തുകളിലും ഒരു കോടി രൂപയുടെ കളിക്കളവും ഇതിനോടു ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറിയും നിര്‍മിക്കും. 50 ലക്ഷമാണ് കളിക്കളം നിര്‍മിക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നത്. ബാക്കി 50 ലക്ഷം എം.എല്‍.എ ഫണ്ട് /എം.പി ഫണ്ട് /ജില്ലാ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് വഴി തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം- മന്ത്രി പറഞ്ഞു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഏഴു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് 43 കായിക ഇനങ്ങളുടെ ചുമതല കൊടുക്കുകയും അവ ജില്ലാ-പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമായി സഹകരിച്ച് മികച്ച പരിശീലനം വഴി കഴിവുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 1500 കായികാധ്യാപകരുടെ കുറവുണ്ട്. ഇത് പരിഹരിച്ച് വിദ്യാര്‍ഥികളുടെ കൃത്യമായ കായിക പരിശീലനം ഉറപ്പാക്കുമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 5000കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കായിക മേഖലയില്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പിലാക്കിയ കായിക നയം, സ്‌പോര്‍ട്‌സ് ഇക്കണോമി എന്നിവ രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്ത് ഭിന്നശേഷി സൗഹൃദ സ്റ്റേഡിയങ്ങളും കായിക മീറ്റും സംഘടിപ്പിക്കാന്‍ സാധിച്ചു. കായിക താരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സര്‍ട്ടിഫിക്കറ്റുകളുകളായി സൂക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇങ്ങനെ ഇ-ഡാറ്റ ബാങ്കില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേറെ അറ്റസ്‌റ്റേഷന്റെ ആവശ്യമില്ല. ഇതോടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വഴി അനര്‍ഹരായവര്‍ക്ക് ജോലി ലഭിക്കുന്ന അവസ്ഥയും തടയാന്‍ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് മുഖ്യാതിഥിയായി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അസ്ലു, എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.കെ.മുരളി, ജനകീയാസൂത്രണ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ എസ്.ജമാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.നാരായണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി.സുരേഷ്, സറ്റേറ്റ് റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. അനില്‍ കുമാര്‍, വിവിധ തദ്ദേശ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹൃഷികേശ് കുമാര്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍.അര്‍ജുന്‍ നന്ദിയും പറഞ്ഞു.