Saturday, August 8

കുടിവെള്ള പദ്ധതിക്ക് ഉപയോഗിച്ച പൈപ്പിൻ്റെ ഗുണനിലവാരം പരിശോധിക്കണം

തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറി, വിവരാവകാശ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്നും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകി.

തിരൂരങ്ങാടി താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകൾ, ടോറസ് വാഹനങ്ങൾ, ലോഡ് കയറ്റിയ ലോറികൾ എന്നിവ ദിവസേന സഞ്ചരിക്കുന്ന പ്രധാന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി. പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു റോഡിൽ ദീർഘകാല ഉപയോഗത്തിന് പി.വി.സി. പൈപ്പുകൾ അനുയോജ്യമാണോയെന്ന് സാങ്കേതികമായി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പദ്ധതിയുടെ പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പുതന്നെ താഴച്ചിന സ്കൂളിന് മുന്നിലെ ട്രാൻസ്ഫോർമറിന് സമീപം സ്ഥാപിച്ച പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തേണ്ടിവന്നത് ആശങ്ക വർധിപ്പിക്കുന്നതാണെന്നും അവർ പരാതിയിൽ പറഞ്ഞു. ഇത് ഭാവിയിൽ സമാനമായ തകരാറുകൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന സംശയത്തിനും ഇടയാക്കുമെന്നും,
റോഡിന്റെ നടുവിലൂടെയും ചില ഭാഗങ്ങളിൽ അരികിലൂടെയുമാണ് പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും, തുടർച്ചയായി ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ പൈപ്പുകൾക്ക് കൂടുതൽ സമ്മർദം ഉണ്ടാകുകയും വീണ്ടും വീണ്ടും പൊട്ടാനും അതുവഴി റോഡ് പലതവണ കുഴിക്കേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു.
പൊതുമരാമത്ത് വകുപ്പും കേരള വാട്ടർ അതോറിറ്റിയും സംയുക്തമായി പൈപ്പുകളുടെ ഗുണനിലവാരം, സാങ്കേതിക അനുയോജ്യത, പദ്ധതി നിർവഹണത്തിലെ മാനദണ്ഡങ്ങൾ എന്നിവ വിശദമായി പരിശോധിക്കണമെന്നും, ആവശ്യമെങ്കിൽ കൂടുതൽ കരുത്തും ദീർഘായുസ്സുമുള്ള അനുയോജ്യമായ പൈപ്പുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്നും അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു. പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പൈപ്പ് പൊട്ടിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഭാവിയിൽ പൊതുമുതലിനും ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വാട്ടർ അതോറിറ്റിയുടെ പ്രവർത്തി തീർത്ത് റോഡ് അടിയന്തര പുനരുദ്ധാരണ പ്രവർത്തനം നടത്തണമെന്നുമാണ് നാട്ടുകാരുടെയും ആവശ്യം

ഫോട്ടോ :- താഴെ ചിന കുണ്ടൂർ റോഡിൽ പൈപ്പ് ലൈൻ പ്രവർത്തി നടക്കുന്ന ഭാഗം വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ

error: Content is protected !!