
പെരിന്തൽമണ്ണ : റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിക്കുന്നതിനിടെ എം ഡി എം എ കേസിലെ പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് കുറ്റ്യാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് ചാടിപ്പോയത്. പെരിന്തൽമണ്ണ സബ് ജയിലി ലേക്ക് കൊണ്ട് വരുന്നതിനിടെയാണ് സംഭവം. കൊണ്ടോട്ടി പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ രാത്രി പ്രതിയെ ജയിലിലേക്ക് കൊണ്ടോട്ടി പോലീസ് എത്തിക്കുമ്പോഴാണ് സംഭവം. കൈ വിലങ്ങ് ധരിപ്പിച്ചാണ് കൊണ്ടുവന്നത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയില്‍ നിന്ന് എംഡിഎംഎ കടത്തിയ കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം രാത്രിയോടെ റിമാൻഡ് നടപടികള്‍ക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. ഇരുട്ടിലേക്ക് ഓടിമറഞ്ഞ ഇയാള്‍ക്ക് പിന്നാലെ പൊലീസുകാർ ഓടിയെങ്കിലും പിടികൂടാനായില്ല. ഇന്ന് പുലർച്ചെവരെ പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. ലഹരിക്കേസുകള്‍ക്ക് പുറമെ നിരവധി ക്രിമിനല്‍ക്കേസുകളിലും അമീർ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് തൊട്ടിൽ പാലത്ത് നിന്നും എംഡിഎംഎ പിടികൂടിയ കേസിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം എംഡിഎംഎ യും കണ്ടെത്തിയിരുന്നു. അമീറിന് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.