Friday, June 26

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കാന്‍ നീക്കം

തിരൂരങ്ങാടി: സംസ്ഥാനത്ത് പൊലീസ് സര്‍ക്കിള്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴില്‍ ഉൾപ്പെടുത്താൻ നീക്കം. ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി രംഗത്ത്. പൊതുജനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടും ഭരണപരമായ അസൗകര്യങ്ങളും സൃഷ്ടിക്കുന്ന നിര്‍ദേശത്തില്‍ നിന്ന് പിന്‍മാറി, തിരൂരങ്ങാടി കേന്ദ്രീകരിച്ച് പ്രത്യേക സര്‍ക്കിള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത്‌ലീഗ് പരാതി നല്‍കി.
മണ്ഡലം പ്രസിഡന്റ് യു.എ. റസാഖാണ് പരാതി സമര്‍പ്പിച്ചത്.
താനൂര്‍ ഡിവൈ.എസ്.പി.യുടെ പരിധിയിലുള്ള പരപ്പനങ്ങാടി, താനൂര്‍ പൊലീസ് സ്റ്റേഷനുകളെ താനൂര്‍ സര്‍ക്കിളിന് കീഴിലും തിരൂരങ്ങാടി, കല്‍പകഞ്ചേരി, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളെ കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലും ഉള്‍പ്പെടുത്തുന്ന നിര്‍ദേശമാണ് ജില്ലാ പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന് കീഴിൽ തിരൂരങ്ങാടി നഗരസഭ, മൂന്നിയൂർ, എ ആർ നഗർ പഞ്ചായത്ത്, എന്നിവയും നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയും തെന്നല പഞ്ചായത്തിൻ്റെ ചില ഭാഗങ്ങളും ആണുള്ളത്.
ഈ നിര്‍ദേശം നടപ്പായാല്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കും അന്വേഷണ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ദൂരെയുള്ള കല്‍പകഞ്ചേരിയിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന് യൂത്ത്‌ലീഗ് ചൂണ്ടിക്കാട്ടുന്നു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചേളാരിയില്‍ നിന്ന് കല്‍പകഞ്ചേരിയിലേക്ക് ഏകദേശം 36 കിലോമീറ്ററിലധികം ദൂരമുണ്ട്. എ.ആര്‍. നഗര്‍ കുന്നുംപുറത്ത് നിന്ന് 22 കിലോമീറ്ററും ചെമ്മാടില്‍ നിന്ന് 19 കിലോമീറ്ററുമാണ് ദൂരം. മറ്റ് പല പ്രദേശങ്ങളിലുള്ളവര്‍ക്കും സമാനമായ യാത്രാ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും പരാതിയില്‍ പറയുന്നു.

തിരൂരങ്ങാടിയില മുമ്പ് തന്നെ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇതിന് കീഴിൽ തിരൂരങ്ങാടി, തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനുകൾ ആയിരുന്നു. തിരൂരങ്ങാടി സി ഐ ഓഫീസ് ഇപ്പൊൾ പൂട്ടിക്കിടക്കുകയാണ്.

, തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി വീണ്ടും തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുന്നതാണ് പ്രായോഗികവും ജനോപകാരപ്രദവുമായ നടപടിയെന്നും യൂത്ത്‌ലീഗ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പൊലീസ് സേവനങ്ങള്‍ കൂടുതല്‍ ജനസൗഹൃദവും സുലഭവുമാക്കേണ്ട സമയത്താണ് ഇത്തരമൊരു ഭരണപരമായ പുനഃക്രമീകരണം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജനസാന്ദ്രതയും ഭരണസൗകര്യങ്ങളും കണക്കിലെടുത്ത് തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂര്‍ മേഖലകള്‍ക്ക് അനുയോജ്യമായ രീതിയില്‍ സര്‍ക്കിള്‍ ഓഫീസ് ക്രമീകരിക്കണമെന്നാണ് യൂത്ത്‌ലീഗിന്റെ ആവശ്യം.
താലൂക്ക് ആസ്ഥാനവും പ്രധാന വ്യാപാര-ഭരണ കേന്ദ്രവുമായ തിരൂരങ്ങാടിയെ ദൂരെയുള്ള കല്‍പകഞ്ചേരി സര്‍ക്കിളിന് കീഴിലാക്കുന്നത് ഭരണപരമായ കാര്യക്ഷമതയ്ക്കും പൊതുജന സൗകര്യങ്ങള്‍ക്കും തിരിച്ചടിയാകുമെമെന്നും. ജനങ്ങളുടെ സൗകര്യവും പ്രദേശിക യാഥാര്‍ഥ്യങ്ങളും അവഗണിച്ചുകൊണ്ട് തീരുമാനം മുന്നോട്ടുകൊണ്ടുപോകുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും വിഷയത്തില്‍ ആഭ്യന്തര വകുപ്പും ഉന്നത പൊലീസ് അധികാരികളും അടിയന്തരമായി ഇടപെട്ട് നിലവിലെ നിര്‍ദേശം പുനഃപരിശോധിക്കണമെന്നും യു.എ. റസാഖ് ആവശ്യപ്പെട്ടു. ജനസൗഹൃദ പൊലീസ് സംവിധാനം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കിള്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതെങ്കില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ ആ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും മുസ്ലിം യൂത്ത്‌ലീഗ് വ്യക്തമാക്കി.

error: Content is protected !!