Thursday, July 9

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി

കോഴിക്കോട് : ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവത്തില്‍ നാടകീയമായ വഴിത്തിരിവ്.

സ്റ്റേഷനില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഭർത്താവുമായി വീട്ടിലെത്തിയ പൊലീസും നാട്ടുകാരും കണ്ടത് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിക്ക് ജീവനുണ്ടെന്ന ആശ്വാസവാർത്തയാണ്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച്‌ പൊലീസ് ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് ഭർത്താവിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നഗരത്തെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ചില്‍ തൈക്കൂട്ടം പറമ്പില്‍ മത്സ്യത്തൊഴിലാളിയായ സക്കീർ (49) ആണ് ഭാര്യ നസീലയെ (48) വധിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റില്‍ ആയത്

മരിച്ചെന്ന് കരുതി സ്റ്റേഷനിലേക്ക്; ഒടുവില്‍ പൊട്ടിക്കരഞ്ഞ് പ്രതി

ചൊവ്വാഴ്ച രാത്രി 11:20-ഓടെയാണ് സക്കീർ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി താൻ ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറഞ്ഞത്. ഇയാളെ സ്റ്റേഷനിലിരുത്തി വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, ഉടൻ തന്നെ സക്കീറിന്റെ പുതിയങ്ങാടിയിലുള്ള വീട്ടിലേക്ക് തിരിച്ചെത്തി. പൊലീസ് എത്തിയ വിവരമറിഞ്ഞ് അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തി.

വീടിനകത്ത് കയറി പരിശോധിച്ച പൊലീസിനും നാട്ടുകാർക്കും ഒരേസമയം അത്ഭുതവും വലിയ ആശ്വാസവും നല്‍കിക്കൊണ്ട് നസീലയ്ക്ക് ജീവനുണ്ടെന്ന് ബോധ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അവരെ തൊട്ടടുത്ത ഗവ. ബീച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവില്‍ അവർ പൂർണ്ണമായി അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.

സക്കീർ – നസീല ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളാണുള്ളത്. മൂന്നാമത്തെ മകളുടെ വിവാഹത്തിന് ശേഷമാണ് ഇവരുടെ വീട്ടില്‍ കുടുംബവഴക്ക് പതിവായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസവും തർക്കം അതിരൂക്ഷമാവുകയും, ഇതിന്റെ പ്രകോപനത്തില്‍ സക്കീർ ഭാര്യയെ കഴുത്തുഞെറിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായി നിലത്തുവീണ നസീല മരിച്ചെന്ന് ഉറപ്പിച്ചാണ് ഇയാള്‍ സ്റ്റേഷനിലേക്ക് ഓടിയത്.
ഭാര്യ മരിച്ചിട്ടില്ലെന്ന വിവരം അറിഞ്ഞതോടെ സ്റ്റേഷനിലിരുന്ന സക്കീറും പതറിപ്പോയി. കൊലക്കുറ്റത്തിന് പകരം വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് സംഭവിച്ചുപോയ തെറ്റിനെക്കുറിച്ച്‌ ഓർത്ത് പ്രതി സക്കീർ പൊട്ടിക്കരഞ്ഞു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!