Monday, August 24

സത്യന്‍ അന്തിക്കാട്, പി.കെ. അഹമ്മദ്, ഡോ. ഇ.ഡി. ജെമ്മിസ് എന്നിവര്‍ക്ക് ഡീലിറ്റ് നല്‍കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി

തേഞ്ഞിപ്പാലം : സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വ്യവസായ പ്രമുഖനായ പി.കെ. അഹമ്മദ് എന്നിവര്‍ക്ക് ഡീലിറ്റും ശാസ്ത്ര പ്രതിഭയായ ഡോ. ഇലവത്തുങ്കല്‍ ഡേവിസ് ജെമ്മിസിന് ഡി.എസ്‌സി.യും നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ശുപാര്‍ശ. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെയാകും ആദരമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ സത്യന്‍ അന്തിക്കാട് തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ സാഹിത്യരചനകള്‍ തുടങ്ങിയ സത്യന്‍ അന്തിക്കാട് അമ്പത് വര്‍ഷത്തിലധികമായി മലയാള സിനിമാരംഗത്തുണ്ട്. ഒരു ദേശീയ അവാര്‍ഡും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഇതിനകം ലഭിച്ചു. ഉരുക്ക് വ്യവസായരംഗത്തെ പ്രമുഖ കമ്പനിയായ പി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് പി.കെ. അഹമ്മദ്. കോഴിക്കോട് ജില്ലയിലെ മൂടാടിയാണ് സ്വദേശം. വ്യവസായ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം പി.കെ. ഗ്രൂപ്പിനെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയതിന് പിന്നിലെ കരുത്താണ്. വിദ്യാഭ്യാസ – സാംസ്‌കാരിക രംഗങ്ങളിലും ആരോഗ്യമേഖലയിലും ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. തിരുവനന്തപുരം ഐസറിന്റെ സ്ഥാപക ഡയറക്ടറും അപ്ലൈഡ് തിയറിറ്റിക്കല്‍ കെമിസ്ട്രി പ്രൊഫസറുമായ ഡോ. ഇ.ഡി. ജെമ്മിസ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. കാണ്‍പൂര്‍ ഐ.ഐ.ടി., യു.എസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. പത്മശ്രീ പുരസ്‌കാര ജേതാവായ ഇദ്ദേഹം ഇന്ത്യന്‍ നാഷ്ണല്‍ സയന്‍സ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് പുരസ്‌കാരം, ശാന്തിസ്വരൂപ് ഭട്‌നഗര്‍ എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സര്‍വകലാശാലാ കാമ്പസില്‍ ആദ്യമായി ഒരു ട്രാന്‍സ് വനിതക്ക് പി.എച്ച്.ഡി. പ്രവേശനം നല്‍കുന്നതിനായി യോഗ്യതാമാര്‍ക്കില്‍ ഇളവനുവദിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്‌കൃതപഠനവകുപ്പില്‍ അപേക്ഷകയായ പാര്‍വതിക്ക് വേണ്ടിയാണ് സിന്‍ഡിക്കേറ്റ് തീരുമാനം. സര്‍വകലാശാലയുടെ പ്രസാധനവിഭാഗവും പ്രസ്സും കൂടുതല്‍ പ്രൊഫഷണലാക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷന്‍ രൂപവത്കരിക്കും. ബിരുദ സര്‍ട്ടിഫിക്കറ്റ് വൈകിയതിന്റെ പേരില്‍ പഠനം മുടങ്ങിയ പി. ഫഹീമ എന്ന വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലാ പഠനവകുപ്പില്‍ സീറ്റനുവദിച്ചതും പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയ റഷ്യന്‍ ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയത് പിന്‍വലിക്കാനുമുള്ള മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ റദ്ദാക്കി. വൈസ് ചാൻസിലറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിഷയങ്ങളില്‍ ചാന്‍സലര്‍ വിശദീകരണം തേടിയതോടെയാണ് വ്യാഴാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ നടപടിയുണ്ടായതെന്ന് വൈസ് ചാൻസിലര്‍ അറിയിച്ചു.

error: Content is protected !!