Thursday, July 9

ചെമ്മാട് ബസ് സ്റ്റാൻഡിന് മുമ്പിലെ ഓട്ടോ പാർക്കിങ്ങിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


90 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു, രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി

തിരൂരങ്ങാടി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 90 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ജി. സുഗുതന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്മാട് ഉള്‍പ്പെടെയുള്ള താലൂക്കിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ ചെമ്മാട് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ബ്ലോക്ക് റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത അഞ്ച് ഓട്ടോറിക്ഷകള്‍ക്കെതിരെയും, സമയക്രമം പാലിക്കാതെയും, ഫിറ്റ്നസ് ഇല്ലാതെയും, ബോഡി ആൾട്ടറേഷൻ ചെയ്തും സര്‍വീസ് നടത്തിയ 30 ടിപ്പര്‍ ലോറികള്‍ക്കെതിരെയും, ഇന്‍ഷുറന്‍സ് രേഖകളില്ലാതെ നിരത്തിലിറക്കിയ ആറ് വാഹനങ്ങള്‍ക്കെതിരെയും, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 50 ഇരുചക്ര വാഹന യാത്രികര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു.
ചെമ്മാട് ടൗണില്‍ ദീര്‍ഘനാളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നാണ് അനധികൃത പാര്‍ക്കിങ്. പ്രത്യേകിച്ച് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തും ബ്ലോക്ക് റോഡിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധനയും നിയമനടപടികളും ആരംഭിച്ചത്.
ഇതോടെ ചെമ്മാട് ടൗണിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. താലൂക്ക് ആശുപത്രി പടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കുമെതിരെ വരും ദിവസങ്ങളിലും തുടര്‍ച്ചയായ പരിശോധനയും നിയമനടപടിയും ഉണ്ടാകുമെന്നും, നിയമം ലംഘിക്കുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും, വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്, രേഖകള്‍ എന്നിവ കാലികമായി സൂക്ഷിക്കണമെന്നും, ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്കുവാഹനങ്ങള്‍ അനുവദിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങളോടും വാഹന ഉടമകളോടും അഭ്യര്‍ഥിച്ചു.
തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.എസ്. സജിത്ത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എച്ച്. രജീഷ്, വി.എസ്. സജിത്ത്, ഐ.വി. വിപിന്‍ ലാല്‍, എ. സിര്‍ജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധനയും നിയമനടപടികളും നടത്തിയത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിശോധനകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നും നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

error: Content is protected !!