Tuesday, July 14

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭയ്ക്ക് പരാതി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് (ബ്രിഡ്ജ്) താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളുന്നതിനെതിരെ പരപ്പനങ്ങാടി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.
മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവർനൽകിയ പരാതിയിൽ, മത്സ്യ മാലിന്യങ്ങൾ തള്ളിയതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നതായും ഇത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടുന്നു. തലേന്ന് (ഞായറാഴ്ച) വൈകുന്നേരം പാലത്തിങ്ങലിൽ വില്പനയ്ക്ക് വെച്ച മാലിന്യങ്ങൾ വിൽപ്പന നടത്തുന്നത് മുൻ കൗൺസിലർ തടഞ്ഞിരുന്നു അതേ മാലിന്യങ്ങൾ തന്നെയാണ് ഇവിടെ കൊണ്ടുവന്ന് തട്ടിയിട്ടുള്ളത് എന്നാണ് ജനസംസാരം.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും, നിയമവിരുദ്ധമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്ഥിരം പരിശോധന, മുന്നറിയിപ്പ് ബോർഡുകൾ, ബ്യൂട്ടിഫിക്കേഷന്‍ ഫണ്ട് വെച്ച് മോഡി കൂട്ടിയ പാലത്തിങ്ങൽ ബ്രിഡ്ജ് ഭാഗങ്ങളിൽ സി.സി.ടി.വി. നിരീക്ഷണം എന്നിവ ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളുടെ സമീപങ്ങളിലും ജൈവമാലിന്യങ്ങൾ തള്ളുന്നത് പരിസ്ഥിതി മലിനീകരണത്തിനും രോഗവ്യാപനത്തിനും കാരണമാകുന്നതിനാൽ നഗരസഭ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ശുചീകരണ നടപടികൾ സ്വീകരിക്കണമെന്ന് അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

error: Content is protected !!