
തിരൂരങ്ങാടി: നഗരസഭയുടെ അധീനതയിലുള്ള തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ രൂക്ഷമായ അസ്വസ്ഥത പുകയുന്നു. എച്ച്.എം.സി. അംഗങ്ങളെ നിയമിച്ചതിൽ നഗരസഭയിലെ ചെമ്മാട്, തിരൂരങ്ങാടി ടൗൺ മാത്രം കേന്ദ്രീകരിച്ചാണ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നഗരസഭാ പരിധിയിലെ മറ്റ് പ്രദേശങ്ങളെ പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്നുമാണ് ലീഗണികളിലെ ആക്ഷേപം.
ആശുപത്രി മാനേജിംഗ് കമ്മറ്റിയിലേക്ക് നഗരസഭ നിർദ്ദേശിക്കുന്ന ഔദ്യോഗിക അംഗങ്ങൾക്ക് പുറമെ ദേശീയ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടി പ്രതിനിധികൾ, എം.പി, എം.എൽ.എ. എന്നിവരുടെ പ്രതിനിധികൾ എന്നിവ ഉൾകൊള്ളുന്നതാണ് സമ്പൂർണ്ണ എച്ച്.എം.സി. കമ്മറ്റി .
നഗരസഭ ഭരിക്കുന്നത് മുസ്ലിം ലീഗായത് കൊണ്ട് നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, ആരോഗ്യ, പൊതുമരാമത്ത് ചെയർമാൻമാർ , ആശുപത്രി നിലകൊള്ളുന്ന ഡിവിഷൻ കൗൺസിലർ , കൗൺസിലിൽ നിന്നുള്ള പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധി, എം.പി, എം.എൽ.എ. പ്രതിനിധികൾ എന്നിവ മുസ്ലിം ലീഗിനാണ് ഭൂരിഭാഗവും ലഭിക്കുന്നത്. ഇങ്ങനെ ലഭിച്ച പ്രാതിനിധ്യത്തിൽ തിരൂരങ്ങാടി ടൗണിൽ നിന്നുള്ള മൂന്ന് പേരും ചെമ്മാട് ടൗണിൽ നിന്നുള്ള മൂന്ന് പേരെയുമാണ് പാർട്ടി നിയമിച്ചിട്ടുള്ളത്. ഇതിൽ തന്നെ ഒരാൾ പാർട്ടി നേതാവിൻ്റെ സഹോദരനും മറ്റൊരാൾ നേതാവിൻ്റെ ഉറ്റ അനുയായിയുമാണ്. നഗരസഭാ പരിധിയിൽ വരുന്ന കരിപറമ്പ്, പന്താരങ്ങാടി, പാലത്തിങ്ങൽ പ്രദേശങ്ങൾ ഉൾകൊള്ളുന്ന പടിഞ്ഞാറൻ മേഖലയിലും മറ്റു കിഴക്കൻ പ്രദേശങ്ങളിലും പരിചിതരായ അർഹരായവർ ഉണ്ടായിട്ടും അവരെ അംഗങ്ങളാക്കാതെ രണ്ട് സ്ഥലങ്ങൾ മാത്രം കേന്ദ്രീകരിച്ച് കൊണ്ട് മറ്റ് സ്ഥലങ്ങളെ അവഗണിച്ച് അംഗങ്ങളെ തെരഞ്ഞെടുത്തതിലാണ് പാർട്ടി അണികൾക്കിടയിൽ അസ്വസ്ഥത ഉണ്ടായിട്ടുള്ളത്.
മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റിയെന്ന പാർട്ടിയുടെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി ചർച്ചകളും കൂടിയാലോചനകളും നടത്താതെ കമ്മറ്റിയുടെ താക്കോൽ സ്ഥാനത്തിരിക്കുന്ന ഒന്നോ രണ്ടോ പേരും തിരൂരങ്ങാടി ടൗൺ കേന്ദ്രീകരിച്ചുള്ള ചില നേതാക്കളും ചേർന്ന് സ്റ്റിയറിംങ് കമ്മറ്റി എന്ന പേരിൽ എടുക്കുന്ന തീരുമാനങ്ങൾ പാർട്ടി കമ്മറ്റിയുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണതയോട് ഭൂരിഭാഗം പ്രവർത്തകരും വിവിധ ഡിവിഷൻ കമ്മറ്റികളും കടുത്ത പ്രതിഷേധത്തിലാണ്. നഗരസഭയുടെ ഭരണ കാര്യങ്ങളിൽ പോലും ഇവരുടെ അനാവശ്യ ഇടപെടൽ കൗൺസിലർമാർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നഗരസഭയിൽ നിന്നുള്ള മണ്ഡലം പ്രസിഡൻ്റ്, ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ ഉൾപ്പെട്ടതാണ് സ്റ്റിയറിങ് കമ്മിറ്റി. സാധാരണ എല്ലായിടത്തും പ്രാദേശികമായ നേതാക്കളെ ഉൾപ്പെടുത്തിയാണ് സ്റ്റിയറിങ് കമ്മിറ്റി ഉണ്ടാക്കാറുള്ളത്. എന്നാൽ തിരൂരങ്ങാടി യിൽ മാത്രം മണ്ഡലം, ജില്ലാ, സംസ്ഥാന നേതാക്കൾ തന്നെ പ്രാദേശിക കമ്മിറ്റിയിൽ കയറി കൂടിയിരിക്കുകയാണ്. പ്രാദേശിക കമ്മിറ്റികൾ എടുക്കുന്ന തീരുമാനങ്ങളിൽ പരാതികളും വിയോജിപ്പും ഉള്ളവർക്ക് മേൽ കമ്മിറ്റിയെ സമീപിച്ചാണ് പരിഹാരം കാണുക. എന്നാൽ തിരൂരങ്ങാടി യിലെ നേതാക്കൾക്കും പ്രവർത്തകർക്കും പരാതി പറയാനും മേൽ കമ്മിറ്റി ഇല്ലാത്ത അവസ്ഥയാണ്. മുതിർന്ന നേതാക്കൾ തന്നെ നേരിട്ട് ഇടപെട്ട് എടുക്കുന്ന തീരുമാനങ്ങൾ ആയതിനാൽ അതിനെതിരെ പരാതി പറയാൻ മുകളിൽ വേറെ സംവിധാനം ഇല്ല. ഇതു കാരണം പ്രവർത്തകർ മുഴുവൻ തീരുമാനങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. നേതാക്കൾക്ക് ഇഷ്ടപ്പെട്ടവർക്കും സ്വന്തക്കാർക്കും നേതാക്കൾക്ക് അനുസരിച്ച് നിൽക്കുന്നവർക്കും മാത്രം സ്ഥാനവും പാർട്ടി അംഗീകാരങ്ങളും ലഭിക്കുന്നുള്ളൂ എന്ന അവസ്ഥയാണെന്ന് ഒരു ലീഗ് നേതാവ് പറഞ്ഞു. ഇവരുടെ താൽപര്യങ്ങൾക്ക് അനുസരിക്കുന്നവരെ മാത്രം പരിഗണിക്കുകയും അല്ലാത്തവരെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ ഉള്ളത്. ഇതിന് പരിഹാരം വേണമെന്നാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകരുടെ ആവശ്യം. മുതിർന്ന നേതാക്കൾ സ്റ്റിയറിങ് കമ്മിറ്റിയിൽ നിന്ന് സ്വയം ഒഴിവായി മറ്റുള്ളവർക്ക് അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കിൽ ഭരണത്തിൽ ഉൾപ്പെടെ പക്ഷപാതം ഉണ്ടാകുമെന്നും അത് പാർട്ടിക്ക് പേര് ദോഷം ഉണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.