Tuesday, July 14

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എന്‍ എച്ച് എസ് എസ് കൊളത്തൂര്‍ (മങ്കട), ജി എച്ച് എസ് എസ് പട്ടിക്കാട് (മേലാറ്റൂര്‍), എം ടി എച്ച് എസ് എസ് ചുങ്കത്തറ (നിലമ്പൂര്‍), ഒ എച്ച് എസ് എസ് തിരൂരങ്ങാടി (പരപ്പനങ്ങാടി), ജി എച്ച് എസ് എസ് ആനമങ്ങാട് (പെരിന്തല്‍മണ്ണ), എം ഐ എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് പുതുപൊന്നാനി (പൊന്നാനി), ഡി ജി എച്ച് എസ് എസ് താനൂര്‍ (താനൂര്‍), ജി എച്ച് എസ് എസ് പുറത്തൂര്‍ (തിരൂര്‍), ജി എച്ച് എസ് എസ് പെരുവള്ളൂര്‍ (വേങ്ങര), ജി എച്ച് എസ് എസ് കരുവാരക്കുണ്ട് (വണ്ടൂര്‍) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു.

എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം നടത്തി. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, കൈറ്റ് സി ഇ ഒ കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.

ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാര്‍ഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു.

error: Content is protected !!