
തിരൂരങ്ങാടി: കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ രക്ഷിതാക്കളുടെയും വിദ്യാലയത്തിന്റെയും പങ്ക് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഖുത്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സംഘടിപ്പിച്ച ‘കോണ്‍ഫ്‌ളുവന്‍സ്’ പാരന്റ്‌സ് കോണ്‍ക്ലേവ് ശ്രദ്ധേയമായി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കള്‍ ആവേശത്തോടെ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ടി.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
എന്‍.എം. സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പ്രധാന സെഷന് പ്രമുഖ എന്‍.എല്‍.പി. പ്രാക്ടീഷണറും ടി.എ./എല്‍.ഡി. ട്രെയ്‌നറുമായ അബ്ദുല്‍ ഹകീം സഖാഫി ആയഞ്ചേരി നേതൃത്വം നല്‍കി. ‘ഡിജിറ്റല്‍ യുഗത്തിലെ കുട്ടികളുടെ വളര്‍ച്ചയും രക്ഷിതാക്കളുടെ പങ്കും’ എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിച്ചു.
ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍, പുതിയ രക്ഷാകര്‍തൃ സമീപനങ്ങള്‍, കുട്ടികളുടെ വൈകാരിക ആവശ്യങ്ങള്‍, മൊബൈല്‍സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, സൈബര്‍ സുരക്ഷ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
കുട്ടികളുമായി ആരോഗ്യകരമായ ആശയവിനിമയം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും, കുട്ടികളുടെ ഉന്നമനത്തില്‍ രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള നിരന്തര സഹകരണം എത്രത്തോളം നിര്‍ണായകമാണെന്നും അദ്ദേഹം ഉണര്‍ത്തി. അക്കാദമിക മികവിനൊപ്പം കുട്ടികളില്‍ മൂല്യബോധം, ആത്മവിശ്വാസം, ഉത്തരവാദിത്തം, ജീവിതനൈപുണികള്‍ എന്നിവ വളര്‍ത്തുന്നതില്‍ വീടും വിദ്യാലയവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം കോണ്‍ക്ലേവ് വിശദമായി ചര്‍ച്ച ചെയ്തു.
ഡോ. എം. അഹമ്മദ്‌കോയ, പി. കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, എം. അബ്ദുറഹീം ഹാജി, കെ. മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇബ്‌റാഹിം കുട്ടി ഹാജി, ഖാലിദ് ഹാജി, സയ്യിദ് ജലാലുദ്ദീന്‍ പി.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.