
മലപ്പുറം : കൂരിയാട് പോലുള്ള വയൽ പ്രദേശത്തെ ആറുവരിപ്പാത നിർമ്മാണത്തിനു വയഡക്ട രീതിയാണ് അഭികാമ്യമെന്ന് ഇ.ശ്രീധരൻ. ഈ സ്ഥലം നേരിട്ടു കണ്ടിട്ടില്ലെങ്കിലും, മുകളിൽ അമിത ഭാരം വരുമ്പോൾ താഴ്ന്നുപോകുന്ന സ്വഭാവമാണ് മണ്ണിനെന്നു തോന്നുന്നു. നിലവിലെ നിർമ്മാണ രീതി കണ്ടാൽ, ഈ ഭാഗത്തു മണ്ണുപരിശോധന കൃത്യമായി നടത്തിയിട്ടില്ല എന്നുവേണം കരുതാൻ. മണ്ണിന്റെ ഘടന മനസ്സിലാക്കി വേണം നിർമ്മാണം. ഈ ഭാഗത്ത് ഇനി അറ്റകുറ്റപ്പണി നടത്തിയാലും വീണ്ടും മണ്ണ് താഴ്ന്ന് അപകടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കാണണം. ഉറച്ച മണ്ണില്ലാത്ത ഇത്തരം കൃഷിഭൂമികളിൽ ഒരിക്കലും വലിയതോതിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പാടില്ല. ഇത്തരം പ്രദേശങ്ങളിൽ തൂണുകളിൽ റോഡ് നിർമ്മിക്കുകയാണ് (വയഡക്ട് ) പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.