ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ 6,45,755 വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് ; രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങും

മലപ്പുറം : വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇവരില്‍ 3,20,214 പേര്‍ പുരുഷമാരും 3,25,535 പേര്‍ സ്ത്രീകളും 6 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്.

വോട്ടെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ചൊവ്വ) പൂര്‍ത്തിയായി. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂളിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് നിലമ്പൂര്‍ അമല്‍ കോളെജിലുമാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ നിലമ്പൂര്‍ അമല്‍ കോളെജിലെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനങ്ങളില്‍ അതത് പോളിങ് സ്‌റ്റേഷനുകളിലെത്തി ബൂത്തുകള്‍ സജ്ജീകരിച്ചു വരികയാണ്. 25 ഓക്‌സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒമ്പത് പോളിങ് സ്റ്റേഷനുകളും ഒമ്പത് മാതൃകാ പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷന്‍കളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിങ് നടത്തുന്നുണ്ട്. 16 മേഖലകളിലായി 26 പ്രശ്‌ന സാധ്യതാ ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ അധിക സുരക്ഷ ഒരുക്കി. ഏറനാട് അഞ്ചും നിലമ്പൂരില്‍ 17 ഉം വണ്ടൂരില്‍ നാലും പ്രശ്‌ന സാധ്യതാ ബൂത്തുകളാണുള്ളത്. പോളിങ് നിരീക്ഷിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

മൂന്ന് മണ്ഡലങ്ങളിലുമായി റിസര്‍വ് ഉള്‍പ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും 712 കണ്‍ട്രോള്‍ യൂണിറ്റുകളും 772 വി.വി പാറ്റുകളും വോട്ടുപ്പിന് ഉപയോഗിക്കും. റിസര്‍വിലുള്ളവര്‍ ഉള്‍പ്പെടെ 2975 ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും നാല് വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1300 ലധികം വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പോളിങ് ഓഫീസറെ അധികമായി നിയോഗിക്കും. ഇതിന് പുറമെ 67 സെക്ടര്‍ ഓഫിസര്‍മാര്‍, 26 മൈക്രോ ഒബ്സര്‍വര്‍മാര്‍, 570 ബി.എല്‍.ഒമാര്‍, 182 റൂട്ട് ഓഫീസര്‍മാര്‍, 54 സ്‌ക്വാഡ് ലീഡര്‍മാര്‍ എന്നിവരും ചുമതലകളിലുണ്ടാകും. സുരക്ഷാ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെയും രണ്ട് കമ്പനി കേന്ദ്ര സേനയെയും മൂന്ന് കമ്പനി സായുധ ബറ്റാലിയന്‍ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

error: Content is protected !!