വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ചു ; കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവാവ്

മലപ്പുറം: വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസില്‍ എത്തി മര്‍ദിച്ചു. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ കാപ്പില്‍ സി.സുനില്‍ ബാബുവിനാണ് (39) മര്‍ദനമേറ്റത്. കറണ്ട് ചര്‍ജ് അടക്കാന്‍ ഫോണ്‍ വിളിച്ച് അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്പന്‍ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്. കൈയില്‍ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മര്‍ദനമേറ്റ സുനില്‍ ബാബുവിനെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. പ്രകോപിതനായി കെഎസ്ഇബി ഓഫിസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്‍നിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഓഫിസിലെ ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥര്‍ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദനമേറ്റു. സക്കറിയ സാദിഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട്.

error: Content is protected !!