
•ജില്ലയിൽ 79685 പേർ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി
സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വയം ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷന്റെ സമയ പരിധി ഇന്ന് (ചൊവ്വ) രാത്രി 12 ന് അവസാനിക്കും. 79685 പേരാണ് ജില്ലയിൽ ഇതുവരെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയാണ് സെൽഫ് എന്യൂമറേഷനിൽ രണ്ടാമത്. 90.48% പേർ ജില്ലയിൽ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. ഇനിയും ചെയ്യാത്തവർ അടുത്ത ദിവസം തന്നെ സ്വയം വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി സെൻസസ് പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭ്യർഥിച്ചു.
സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ എന്നിവരുടെ പരിശീലനം ജില്ലയിൽ പൂർത്തിയായി. സ്കൂളുകൾ, കോളെജുകൾ, ഉന്നതികൾ, പൊതുവിടങ്ങൾ എന്നിവയിലെല്ലാം സെൻസസ് ചാർജുള്ള താലൂക്ക്, മുൻസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ സെൽഫ് എന്യൂമറേഷൻ ക്യാംപയിൻ നടത്തി.
ജൂലൈ ഒന്നു മുതൽ 31 വരെ 6707 എന്യൂമറേറ്റർമാരാണ് വീടുകളിലേക്ക് സെൻസസിനായി എത്തുന്നത്. ഇവർക്കുള്ള സെൻസസ് മെറ്റീരിയൽ വിതരണം പൂർത്തിയായിക്കഴിഞ്ഞു. 6926 ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. 1119 സൂപ്പർവൈസർമാർ സെൻസസ് പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കും. 669 എന്യൂമറേറ്റർമാരും 116 സൂപ്പർവൈസർമാരും റിസർവിലുണ്ട്.
സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യേണ്ട രീതി
വീടുകളുടെ അവസ്ഥ, ലഭ്യമായ സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്ളത്. https://se.census.gov.in/. https://se.census.gov.in/ആണ് പോര്‍ട്ടല്‍ ലിങ്ക്. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ പോര്‍ട്ടലില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.
1.പോര്‍ട്ടല്‍ ലോഗിന്‍: ഔദ്യോഗിക സെല്‍ഫ് എന്യൂമറേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൃഹനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കുക. (ഒരു മൊബൈല്‍ നമ്പര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാനാകൂ).
2.ഒടിപി & ഭാഷ തിരഞ്ഞെടുക്കല്‍: മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നിങ്ങള്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യപ്രദമായ ഭാഷ (മലയാളം) തിരഞ്ഞെടുക്കാം.
3.സ്ഥലം കൃത്യമായി അടയാളപ്പെടുത്തല്‍: നിങ്ങളുടെ ജില്ല, വില്ലേജ്/ടൗണ്‍, വാര്‍ഡ് എന്നിവ നല്‍കിക്കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന ഭൂപടത്തില്‍ നിന്നും നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി തിരഞ്ഞെടുക്കുക.
4.ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കല്‍: കെട്ടിടത്തിന്റെ അവസ്ഥ (നിലം, ഭിത്തി, മേല്‍ക്കൂര), കുടിവെള്ള സ്രോതസ്സ്, വൈദ്യുതി, ശുചിമുറി സൗകര്യം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ (ടിവി, ഇന്റര്‍നെറ്റ്, ലാപ്‌ടോപ്പ്, മൊബൈല്‍), വാഹനങ്ങള്‍, കുടുംബത്തിന്റെ പ്രധാന ഭക്ഷണം തുടങ്ങിയ 34 ചോദ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുക. തിരൂരങ്ങാടി ടുഡേ
5.പരിശോധനയും സമര്‍പ്പണവും: വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യണം. വിവരങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് ആരംഭിക്കുന്ന ഒരൊറ്റ 11 അക്ക സെല്‍ഫ് എന്യൂമറേഷന്‍ ഐഡി നിങ്ങളുടെ മൊബൈലിലും ഇ-മെയിലിലും ലഭിക്കും. ജൂലൈ ഒന്നിന് ശേഷം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ വരുമ്പോള്‍ ഈ 11 അക്ക നമ്പര്‍ മാത്രം കൈമാറിയാല്‍ മതിയാകും. ഇനി എന്തെങ്കിലും സാഹചര്യത്തില്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങളില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍പ്പോലും, പിന്നീട് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വരുമ്പോള്‍ അത് തിരുത്തി നല്‍കാനുള്ള സൗകര്യവും പൊതുജനങ്ങള്‍ക്ക് ഉണ്ടായിരിക്കും. അന്തിമ പരിശോധനയ്ക്ക് ശേഷമേ ഈ വിവരങ്ങള്‍ ഡേറ്റബേസിലേക്ക് മാറ്റുകയുള്ളൂ.
ടോള്‍ ഫ്രീ നമ്പര്‍
സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ദേശീയ ടോള്‍ഫ്രീ നമ്പറായ 1855 ല്‍ നിന്നും മലയാളമുള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ മറുപടി ലഭിക്കും.