
വയനാട്: ലഹരിക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 93.84ഗ്രാം എം.ഡി.എം.എയുമായി ചെറുമുക്ക് സ്വദേശിയായ യുവാവ് പിടിയിലായി.
ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ആണ് തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. കെ.എല്‍ 65 എല്‍ 8957 നമ്ബര്‍ ബൈക്കില്‍ ഗുണ്ടല്‍പെട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്നു പ്രതി. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്.
ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിവരുന്നതായി പോലീസ് അറിയിച്ചു. ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.