ന്യൂ കട്ടില്‍ നിര്‍ദ്ദിഷ്ട പുതിയ പാലത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കും ; പിഡബ്ല്യൂഡി ഉന്നതല സംഘം സ്ഥലം സന്ദര്‍ശിച്ചു

തിരൂരങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ടില്‍ നിലവിലുള്ള ചെറിയ ഇടുങ്ങിയ പാലത്തിന് സമീപം പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.തിരൂരങ്ങാടി എംഎല്‍എ, കെപിഎ മജീദിന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്റെ സാന്നിധ്യത്തില്‍ പാലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ്, പാലക്കാട് (ബ്രിഡ്ജസ് വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റിജോ റിന്ന സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്.

തിരൂരങ്ങാടി – താനൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ചെമ്മലപ്പാറ പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും, ഡിസൈനിങ്ങും ലഭിച്ചതായും, സര്‍ക്കാരില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ വേഗത്തിലക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജ് വിഭാഗം), മഞ്ചേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജ് വിഭാഗം) തിരൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിതിന്‍ ടി ആര്‍, ഓവര്‍സിയര്‍ റീന എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പരപ്പനങ്ങാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, ഇരുപതാം ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത്, പി വി ഹാഫിസ് മുഹമ്മദ്, ആസിഫ് പട്ടശേരി, സിടി സിദ്ദീഖ്, പി ഹംസ ഹാജി എന്നിവരും സംഘത്തെ അനുഗമിച്ചു.

error: Content is protected !!