മലപ്പുറം: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലിയോടനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് 2025 ജനുവരിയിൽ ‘ഇന്തോ-അറബ് റിലേഷൻസ്’ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും.
ജനുവരി 7,8,9 തിയ്യതികളിൽ കാലിക്കറ്റ് സർവകലാശാലയിൽ വെച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ഇന്ത്യയും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളും ബന്ധങ്ങളുമാണ് ചർച്ചയാവുക. ഇന്തോ-അറബ് സഹകരണത്തെക്കുറിച്ച് കൂടുതൽ ഗവേഷണം സാധ്യമാക്കാനും പുതിയ ചർച്ചകൾക്ക് അക്കാദമിക ലോകത്ത് വേദിയൊരുക്കാനും വേണ്ടി സംഘടിപ്പിക്കപ്പെടുന്ന കോൺഫറൻസിൽ ഈജിപ്ത്, മൊറോക്കോ, ബഹ്റൈൻ, ലബനാൻ, മൗറിത്താനിയ, ജോർദാൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങി വ്യത്യസ്ത രാഷ്ട്രങ്ങളിൽ നിന്നായി ഇരുപതോളം അതിഥികളും ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ പ്രതിനിധികളും പങ്കെടുക്കും.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ നടന്ന കോൺഫറൻസിൻ്റെ കവർ പ്രകാശന ചടങ്ങിൽ ഡെന്മാർക്കിലെ ഹംസത്തുസ്സമാ ഇൻ്റർനാഷണൽ കൾച്ചറൽ ഓർഗനൈസേഷൻ പ്രതിനിധി ഫാത്തിമ ഇജ്ബാരിയ്യ, അബ്ദുൽ ഹഫീസ് അഗ്ബരി, തുനീഷ്യൻ മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുല്ലത്തീഫ് ആബിദ്, പാരീസിലെ ലിയോൺ സർവകലാശാല ലെക്ചറർ ഇശ്റാഖ് ക്രൗണ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ. കെ.കെ.എൻ കുറുപ്പ്, കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. അബ്ദുൽ മജീദ്, ഡോ. അമാനുല്ലാ വടക്കാങ്ങര, ഉനൈസ് ഹിദായ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.