
കൊച്ചി: കൊച്ചി: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണായി സിപിഎം വിമത കൗണ്‍സിലര്‍ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആണ് കല രാജു മത്സരിച്ചത്. കലാ രാജുവിന് 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നഗരസഭ മുന്‍ അധ്യക്ഷ വിജയ ശിവന് 12 വോട്ടുകളാണ് ലഭിച്ചത്.
മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയര്‍ന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായിരുന്നു.
എല്‍ഡിഎഫിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് തന്റെ വിജയമെന്നും മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പ്രതികരിച്ചു.
സിപിഐഎമ്മിന്റെ വിപ്പ് ലംഘിച്ച് മത്സരിച്ചതോടെ കലാ രാജുവിന് അയോഗ്യത നടപടികള്‍ നേരിടേണ്ടി വരും. ചെയര്‍ പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നഗരസഭയ്ക്ക് മുന്നില്‍ കലാ രാജുവിനെതിരെ പ്രതിഷേധവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കലാരാജു സിഡിഎസ് ചെയര്‍പേഴ്‌സണായിരുന്ന കാലത്ത് 13 ലക്ഷത്തിലേറെ രൂപ തിരുമറി നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.