Monday, August 18

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ ഇടിച്ചു ; കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് കേസ്

കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി പരുക്ക്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂര്‍വം കാര്‍ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം തിരുമുല്ലാവാരം ബീച്ചില്‍ വച്ച് ന്യൂസ് 18 കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ആരോപണം കളവാണെന്നു കോണ്‍ഗ്രസും പറയുന്നു. കാര്‍ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിനോയ് ഷാനൂര്‍ തന്റെ കാറില്‍ മടങ്ങാന്‍ ഒരുങ്ങവേ ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ സമീപം നില്‍ക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.

error: Content is protected !!