Thursday, August 6

തിരൂരങ്ങാടിയിൽ കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ 15 ദിവസത്തിനുള്ളിൽ നന്നാക്കാൻ തീരുമാനം

തിരൂരങ്ങാടി നഗരസഭയിലെ റോഡ് പുനരുദ്ധാരണം 15 ദിവസത്തിനകം പൂർത്തിയാക്കണം – പി.എം.എ. സമീർ എം.എൽ.എ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ പരിധിയിൽ അമൃത്, നഗരസഞ്ചയം എന്നീ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ ലൈൻ സ്ഥാപിക്കുന്നതിനു റോഡ് കുഴിച്ച ഭാഗങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തീകരിക്കാൻ തീരുമാനമായി. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി.എം.എ. സമീറിന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും, യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

പൊതുമരാമത്ത് വകുപ്പ് (റോഡ്സ്), കേരള വാട്ടർ അതോറിറ്റി പ്രോജക്ട് വിഭാഗം, കേരള വാട്ടർ അതോറിറ്റി പി.എച്ച് വിഭാഗം, തിരൂരങ്ങാടി നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കരാറുകാരും യോഗത്തിൽ പങ്കെടുത്തു.

റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകുന്നത് ജനങ്ങൾക്ക് വലിയ യാത്രാദുരിതവും അപകടസാധ്യതയും സൃഷ്ടിക്കുന്ന സാഹചര്യമാണെന്ന് യോഗത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ വൈകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇനി ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകാതെ അടിയന്തരമായി പ്രവർത്തികൾ പൂർത്തീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും അദ്ദേഹം നിർദേശം നൽകി.

പരപ്പനങ്ങാടി–നാടുകാണി റോഡിലെ കക്കാട് മുതൽ കരിപറമ്പ് വരെയുള്ള ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡ് കുഴിച്ച സാഹചര്യത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനമായത്.

യോഗ തീരുമാനപ്രകാരം, തിരൂരങ്ങാടി ജംഗ്ഷൻ മുതൽ കക്കാട് വരെയുള്ള ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) 15 ദിവസത്തിനകം പുനരുദ്ധരിക്കും. അതേസമയം, തിരൂരങ്ങാടി ജംഗ്ഷൻ മുതൽ യാറ ഹൈപ്പർമാർക്കറ്റ് വരെയും, യാറ ഹൈപ്പർമാർക്കറ്റ് മുതൽ കരിപറമ്പ് വരെയും ഉള്ള ഭാഗങ്ങൾ കേരള വാട്ടർ അതോറിറ്റി തന്നെ 15 ദിവസത്തിനകം നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

മഴയുടെ ശക്തി കുറയുന്നതിനനുസരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.

യോഗത്തിൽ പി.എം.എ സമീർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ഹബീബ ബഷീർ, വൈസ് ചെയർമാൻ എം അബ്ദു റഹിമാൻ കുട്ടി, നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇഖ്‌ബാൽ കല്ലുങ്ങൽ, വി.വി അബു തുടങ്ങിയ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

error: Content is protected !!