Tuesday, October 28

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും മണ്ണും പൊടിയും, വലഞ്ഞ് രോഗികള്‍ ; ദേശീയ പാതയോരത്തെ ദുരിത ജീവിതം, മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

മൂന്നിയൂര്‍ : ദേശീയ പാതയുടെ നവീകരണം തുടങ്ങിയതോടെ ദുരിത ജീവിതം നയിക്കുന്ന മൂന്നിയൂര്‍ പടിക്കലിലെ ജനങ്ങള്‍ക്ക് വേണ്ടി പടിക്കലെ ജനകീയ കൂട്ടായ്മ പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ദേശീയ പാത പാണമ്പ്ര വളവില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി.

രണ്ട് വര്‍ഷത്തോളമായി ദേശീയ പാതയുടെ നവീകരണം തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് പാതയോരത്തെ താമസക്കാരുടെ പ്രയാസങ്ങള്‍. അര കിലോമീറ്റര്‍ ദൂരമുള്ള അങ്ങാടിയിലേക്ക് പോകണമെങ്കില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റിവേണം പോകാന്‍. ഒരു വികസനം വരുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്ന് കരുതി അത് നമുക്ക് സഹിക്കാം. പക്ഷെ റോട്ടില്‍ നിന്നും ഇരുപത്തിനല് മണിക്കൂറും പറന്നു വരുന്ന മണ്ണും പൊടിയും തിന്നു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാണിച്ചു.

ദേശീയ പാത 66ല്‍ പടിക്കല്‍ മുതല്‍ തലപ്പാറ വരെയുള്ള ഭാഗത്ത് ഇനിയും ഡ്രൈനേജ് നിര്‍മിച്ചിട്ടില്ല, സര്‍വീസ് റോഡിന്റെ സൈഡിലുള്ള മണ്‍ പാതയിലൂടെ ഇരച്ചു പായുകയാണ് വാഹനങ്ങള്‍, അത് കൊണ്ട് തന്നെ ഈ ഭാഗത്ത് താമസിക്കുന്ന അലര്‍ജ്ജിയുടെ അസുഖമുള്ളവര്‍, ആസ്തമ രോഗികള്‍, ഡയാലിസിസ് പേഷ്യന്റ്‌സ്, ഹാര്‍ട്ട് പേഷ്യന്റ്‌സ്, ഗര്‍ഭിണികള്‍, പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍, നവജാത ശിശുക്കള്‍, വയോ വൃദ്ധന്മാര്‍ എന്ന് വേണ്ട മുഴുവന്‍ ജനങ്ങളും പാതയോരത്ത് നിന്നും പറന്നു വരുന്ന മണ്ണും പൊടിയും തിന്നാണ് ജീവിക്കുന്നതെന്നും നിവേദനത്തില്‍ പറയുന്നു.

മാത്രമല്ല പാതയോരത്തുള്ള മുഴുവന്‍ വീടുകളും മണ്ണും പൊടിയും പിടിച്ചു തിരിച്ചറിയാന്‍ പറ്റാത്ത വിധം വൃത്തികേടായി കിടക്കുകയാണ്, അടുക്കളയില്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ പോലും ഈ മണ്ണും പൊടിയും പറ്റിയ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വിളിച്ചോതുന്നു.
ഈ വിഷയത്തെ കുറിച്ച് പടിക്കലെ ജനകീയ കൂട്ടായ്മയായ ഹെലോ പടിക്കല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പരിഹാരക്രിയകള്‍ എത്രയും പെട്ടെന്ന് നടപ്പാക്കിത്തരണം എന്ന നിവേദനം ഗ്രൂപ്പ് അഡ്മിന്‍ സലാം പടിക്കല്‍ പൊതു മരാമത്ത് മന്ത്രിക്ക് സമര്‍പ്പിച്ചു.

വശങ്ങളിലെ ഡ്രൈനെജിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കുക, അല്ലെങ്കില്‍ ഉയര്‍ന്ന മറ കെട്ടി ഉയര്‍ത്തുക, അല്ലെങ്കില്‍ വെള്ളമടിച്ചു പൊടി അമര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്മാരായ സലാം പടിക്കല്‍ , അയ്യൂബ്. എ പി, രേഷ്ണുജ ഹരി , സുമിത്ര രമേശന്‍, ജാസ്മിന്‍ മുനീര്‍, സോമസുന്ദരന്‍, ആരതി സതീശന്‍ , അബ്ദുള്ള നജ്ജാദ്,സി എഛ്. സാദിഖ്, അസീസ് ഐക്കര എന്നിവര്‍ നിവേദനത്തില്‍ ഒപ്പ് വെച്ചു.

error: Content is protected !!