കോട്ടക്കൽ : 35ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കൊടിയിറങ്ങി. കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ മലപ്പുറം ഉപജില്ല ഓവറാൾ ചാമ്പ്യന്മാരായി. മങ്കട ഉപജില്ല രണ്ടും വേങ്ങര മൂന്നും സ്ഥാനം നേടി. എച്ച്. എസ്.എസ് വിഭാഗത്തിൽ മലപ്പുറം ഉപജില്ല ഓവറോൾ നേടി. വേങ്ങര, നിലമ്പൂർ ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ മങ്കട ഒന്നും മലപ്പുറം രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി.യു.പി വിഭാഗത്തിൽ പെരിന്തൽമണ്ണ ഉപജില്ല ഓവറോൾ സ്വന്തമാക്കി. തിരൂർ, പരപ്പനങ്ങാടി ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. മഞ്ചേരി മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ മങ്കട ഉപജില്ല ജേതാക്കളായി. രണ്ടാം സ്ഥാനം വണ്ടൂർ, മഞ്ചേരി, കൊണ്ടോട്ടി, വേങ്ങര ഉപജില്ലകൾ പങ്കിട്ടു. മൂന്നാം സ്ഥാനം കിഴിശ്ശേരി, പെരിന്തൽമണ്ണ, അരീക്കോട്, കുറ്റിപ്പുറം ഉപജില്ലകൾ പങ്കിട്ടു.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ മേലാറ്റൂർ ഒന്നും മങ്കട, വേങ്ങര എന്നിവ രണ്ടും കൊണ്ടോട്ടി മൂന്നും സ്ഥാനം നേടി.യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ മേലാറ്റൂർ ഉപജില്ല ഒന്നും മങ്കട രണ്ടും മഞ്ചേരി മൂന്നും സ്ഥാനം നേടി.യു.പി വിഭാഗം അറബിക് കലോത്സവത്തിൽ കിഴിശ്ശേരി, മലപ്പുറം, അരീക്കോട് ഉപജില്ലകൾ ഓവറോൾ കിരീടം പങ്കിട്ടു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എഎസ്, ഹൈസ്കൂൾ വിഭാഗത്തിൽ പൂക്കൊള ത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസ് , യു.പി വിഭാഗത്തിൽ ജി.യു.പി.എസ് അരിയല്ലൂർ, ആർ.എം.എച്ച്.എസ് മേലാറ്റൂർ എന്നിവയാണ് ഏറ്റവും കൂടുതൽ പോയന്റ് നേടിയത്.
സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ. ഹനീഷ എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് മയ്യേരി, അംഗങ്ങളായ ബഷീർ രണ്ടത്താണി, ടി.പി.എം ബഷീർ, ഡി.ഡി.ഇ കെ.പി രമേഷ് കുമാർ, ആർ.ഡി.ഡി ഡോ. പി.എം അനിൽ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബൻസീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.പി മുഹമ്മദലി സ്വാഗതവും വി. സുധീർ നന്ദിയും പറഞ്ഞു.