മലപ്പുറം : ജില്ലയിലെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി. ഹയര്‍സെക്കണ്ടറി യോഗ്യത നേടിയ 79730 വിദ്യാര്‍ത്ഥികളില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാല്‍ തന്നെയും 15000ത്തോളം വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20-30% സീറ്റ് വര്‍ദ്ധനവ് അടിസ്ഥാന സൗകര്യമില്ലാത്തത് കാരണം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെയും അധ്യാപകരുടെ അധ്യാപനത്തെയും ബാധിക്കും. വിദ്യാഭ്യാസ കരിക്കുലത്തില്‍ വിദ്യാര്‍ത്ഥികളുടെ മനസികാരോഗ്യത്തിനാവശ്യമായ കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ സൂചിപ്പിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴില്‍ നടക്കുന്ന വിജയഭേരി എസ് എസ് എല്‍സി വിദ്യാര്‍ത്ഥികളുടെ നിലവാരത്തെ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി ലെവലിലും വിജയഭേരി മാതൃകയിലുള്ള ആവിഷ്‌കാരങ്ങള്‍ കൊണ്ട് വരണം. ഹയര്‍ സെക്കണ്ടറി പഠനം കഴിഞ്ഞവര്‍ക്ക് പഠിക്കാന്‍ കുറഞ്ഞ കോളേജുകള്‍ മാത്രമേ നിലവിലുള്ളൂ വെന്നും കോളേജുകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി, ജനറല്‍ സെക്രെട്ടറി മുഹമ്മദ് സാദിഖ് തെന്നല , അതീഖ് റഹ്‌മാന്‍ ഊരകം, മന്‍സൂര്‍ പുത്തന്‍പള്ളി, ജാസിര്‍ ചേറൂര്‍, സൈനുല്‍ ആബിദ് വെന്നിയൂര്‍, സാലിം സഖാഫി സംബന്ധിച്ചു.