ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭര്‍തൃപിതാവ് അറസ്റ്റില്‍

മഞ്ചേരി : പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദിലയുടെ മരണത്തിലാണ് ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്ദിലക്കുള്ളത്. ഗാര്‍ഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭര്‍തൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

വിദേശത്തുള്ള ഭര്‍ത്താവ് നിസാര്‍ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കബറടക്കി. മക്കള്‍: അസ്മല്‍, അന്‍ഫാല്‍, എസിന്‍ ഫാറൂഖ്, ഫെല്ല മെഹ്‌റിന്‍.

error: Content is protected !!