ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. ‘മെഹ്ഫില്‍ 2024’ ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തിയേഴ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

മൂന്നാം വര്‍ഷമാണ് മെഹ്ഫില്‍ – മാപ്പിളപ്പാട്ട് മത്സരം പി.എം.എസ്.ടി കോളേജില്‍ സംഘടിപ്പിക്കുന്നത്. പുരുഷ വിഭാഗത്തില്‍ കെ. ടി. മുഹമ്മദ് സല്‍മാന്‍ ( മര്‍ക്കസ് കോളേജ്, കാരന്തൂര്‍ ) ഒന്നാം സ്ഥാനവും, മുഹമ്മദ് ഷമീര്‍ അലി, ഫസല്‍ നിഹാദ് ( പി.എം.എസ്. ടി കോളേജ്, കുണ്ടൂര്‍) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ എസ്. തീര്‍ത്ഥ ( പി. എസ്. എം. ഒ കോളേജ്, തിരൂരങ്ങാടി) ഒന്നാം സ്ഥാനവും, വി. ഷിഫ്‌ല സിനു ( എം. ഇ. എസ് കോളേജ്, വളാഞ്ചേരി ) രണ്ടാം സ്ഥാനവും, കെ.വി ഷൈമ ( കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുണ്ടൂര്‍ മര്‍ക്കസ് സെക്രട്ടറി എന്‍ പി ആലിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവി ആര്‍.കെ മുരളീധരന്‍, സൈക്കോളജി വിഭാഗം മേധാവി ഡോ. എം കൃഷ്ണകുമാര്‍, ഫൈന്‍ ആര്‍ട്‌സ് ഡയറക്ടര്‍ കെ. പി ശാന്തി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ. കെ മുഹമ്മദ് മസൂദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മലയാളം വിഭാഗം മേധാവി കെ സരിത സ്വാഗതവും , കോളേജ് ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി മുഹമ്മദ് ഫാരിസ് നന്ദിയും പറഞ്ഞു.

error: Content is protected !!