
മലപ്പുറം : കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കെ സുധാകരന്‍ നടത്തുന്ന പ്രസ്താവന കോണ്‍ഗ്രസിന് തലവേദനയാകുന്ന പശ്ചാത്തലത്തിലാണ് പിഎംഎ സലാമിന്റെ പ്രതികരണം.
കെപിസിസി പുനഃസംഘടനയില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്തി കോണ്‍ഗ്രസ് നേതാക്കള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് നേതാക്കള്‍ പിന്മാറണം. ഇത്തരം നടപടികള്‍ മുന്നണിയെ ബാധിക്കുന്നതാണ്. തെരഞ്ഞെടുപ്പാണ് മുന്നിലുള്ളതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാവണം. അതിന് ഘടക കക്ഷികളും സജ്ജരാകണം. യുഡിഎഫ് കെട്ടുറപ്പോടെ പോവുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് കെ.സുധാകരന്‍ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്ന് പറഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സുധാകരന്റെ പ്രതികരണത്തോട് മൗനം പാലിക്കാനാണ് എഐസിസിയുടെയും കെപിസിസിയുടെയും തീരുമാനം. സുധാകരന്റേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാല്‍ മതിയെന്നാണ് നിലപാട്.