മാലിന്യ സംസ്കരണ പദ്ധതി സർവ്വകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരിച്ച് മലപ്പുറം നഗരസഭ

മലപ്പുറം : സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ ലോക ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക്. മലപ്പുറം നഗരസഭയുടെ പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മൽ ട്രെഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കർ ഭൂമിയിൽ നിന്ന് 9786 മെട്രിക് ടൺ മാലിന്യം വേർതിരിച്ചെടുത്ത് ഭൂമി പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് സർവകാല റെക്കോർഡ് വേഗത്തിൽ പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയത്.

ട്രെഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ യന്ത്ര സാമഗ്രികൾ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചുകൊണ്ടാണ് കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്കരണ പ്ലാൻ്റായി ഉപയോഗിച്ചിരുന്ന ഭൂമി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഭൂമിയായി തിരിച്ചെടുക്കാനാവും.

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 11.40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ തന്നെ മലപ്പുറം നഗരസഭയിൽ നടപ്പിലാക്കുന്നത്. ബയോ മൈനിങ് പ്രക്രിയ പൂർത്തിയാകുന്നതോടുകൂടി തിരികെ ലഭിക്കുന്ന ഭൂമിയിൽ കാലാനുസൃതമായ പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള ആസൂത്രണവും നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നുണ്ട്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി വിവിധ കോർപ്പറേഷൻ, നഗരസഭകളിലായി നടപ്പിലാക്കുന്ന 22 പദ്ധതികളിൽ ആദ്യമായി പദ്ധതി പൂർത്തീകരിക്കപ്പെടുന്നത് മലപ്പുറം നഗരസഭയിലാണ്.

ബയോമൈനിംഗ് പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് സമീപ സംസ്ഥാനങ്ങളിലെ സിമൻ്റ് ഫാക്ടറികളിലേക്ക് ഉൾപ്പെടെ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മലപ്പുറം നഗരസഭ സർവ്വ മേഖലകളിലും മാതൃകാപരമായ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ആരോഗ്യ മേഖലയിലും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പദ്ധതികൾക്ക് പുറമെ മാലിന്യ സംസ്കരണ രംഗത്തും നഗരസഭ അഭിമാനകരമായ മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പരി അബ്ദുൽ ഹമീദ്, പി.കെ സക്കീർ ഹുസൈൻ, മറിയുമ്മ ശരീഫ് കോണോത്തൊടി, നഗരസഭ കൗൺസിലർ മാരായ ഒ.സഹദേവൻ, സി.കെ സഹീർ, ശിഹാബ് മൊടയങ്ങാടൻ നഗരസഭ സെക്രട്ടറി കെ.പി ഹസീന, മുനിസിപ്പൽ എൻജിനീയർ പിടി ബാബു, ഹെൽത്ത് സൂപ്പർവൈസർ മധുസൂദനൻ വി.കെ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രേണുക ആർ, ജില്ലാ ഫയർ ഓഫീസർ ഋതീജ് വി കെ,
ശുചിത്വ മിഷൻ കോ കോർഡിനേറ്റർ ആതിര സി, കെ എസ്‌ ഡബ്ല്യൂ എം പി ജില്ലാ പ്രൊജക്റ്റ്‌ മാനേജ്മെന്റ് യൂണിറ്റിലെ ഡെപ്യൂട്ടി ജില്ലാ കോ ഓർഡിനേറ്റർ (ഇൻ ചാർജ് ) ഡോ ലതിക സി, സോഷ്യൽ & കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട് ഇ വിനോദ്കുമാർ, എം &ഇ ബിറ്റോ ആന്റണി, ഫിനാൻസ് എക്സ്പെർട്ട് സതീശൻ വി ആർ, എസ്‌ ഡബ്ലി യു എൻജിനീയർമാരായ നസീഫ് റഹ്‌മാൻ, എ മിഥുൻ, വിഷ്ണു കെ, SMS കമ്പനി പ്രധിനിധികളായ പ്രസാദ്ഗോപാൽ, ജഗൻ രാമലിംഗം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!