മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; 26 ന് തുടങ്ങും


തിരൂരങ്ങാടി: പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിലെ സാമൂഹിക സാംസ്‌കാരിക നവോത്ഥാന നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി (ഖ.സി) തങ്ങളുടെ 187-ാം ആണ്ടു നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 26 ന് വ്യാഴാഴ്ച മമ്പുറം മഖാമില്‍ തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഖാമിന്റെ നടത്തിപ്പ് ചെമ്മാട് ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 27-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.
ജൂണ്‍ 26 ന് വ്യാഴാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം മഖാമില്‍ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു നില്‍ക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. അന്ന് രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
27 ന് വെള്ളിയാഴ്ച രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിക്കും.
28 ന് ശനിയാഴ്ച നടക്കുന്ന മജ്‌ലിസുല്‍ ഇശ്ഖ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. അന്‍വര്‍ അലി ഹുദവി പുളിയക്കോട് നേതൃത്വം നല്‍കും. ജൂണ്‍ 29, 30 ജൂലൈ 01 തിയ്യതികളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. 29 ന് ഞായറാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 30 ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണവും നടത്തും. ജൂലൈ 01 ന് ചൊവ്വാഴ്ച പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗശാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിക്കും.
ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മമ്പുറം തങ്ങളുടെ ജീവിതവും ദര്‍ശനവും അടിസ്ഥാനമാക്കി ചരിത്ര സെമിനാര്‍ നടക്കും.
ജൂലൈ 02 ന് ബുധനാഴ്ച രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ള് കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. സമസ്ത ജന. സെക്രട്ടറി ഉസ്്താദ് കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. പ്രാര്‍ഥനാ സദസ്സിന് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് നേതൃത്വം നല്‍കും.
സമാപന ദിവസമായ 03 ന് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക് 01:30 ന് നടക്കുന്ന സമാപന-ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ നേതൃത്വം നല്‍കും.
നേര്‍ച്ചയുടെ എല്ലാ ദിവസങ്ങളിലും ളുഹ്‌റ് നിസ്‌കാരാനന്തരം മഖാമില്‍ വെച്ച് മൗലിദ് പാരായണവും ജൂണ്‍ 28,29, ജൂലൈ 01,02 ശനി, ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ആത്മീയ സംഗമവും നടത്തപ്പെടും.

മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ്
ചരിത്രാന്വേഷകര്‍ക്കും ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയും വിധം മമ്പുറം തങ്ങന്മാരുടെയും ഹദ്റമി സയ്യിദുമാരുടെയും കേരളത്തെ നാനോന്മുഖമായി നിര്‍മിച്ച മറ്റു പണ്ഡിതന്മാരുടെയും ജീവിത സംഭാവനകളും ചരിത്ര രേഖകളുമെല്ലാം ഉള്‍ക്കൊള്ളുന്ന, ഒരു പഠന-ഗവേഷണ കേന്ദ്രമെന്ന നിലയ്ക്കുള്ള ‘മമ്പുറം തങ്ങള്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ്’ ഈ നേര്‍ച്ചയോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഭാരവാഹികൾ ആയ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, ശറഫുദ്ദീന്‍ ഹുദവി അരീക്കോട്‌ എന്നിവർ പറഞ്ഞു.

error: Content is protected !!