വൈറല്‍ ഹെപ്പറ്റൈറ്റിസ്: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ – ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സകള്‍ക്ക് വിധേയമാകാതെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗ ലക്ഷണമുള്ളവര്‍ വീടുകളില്‍ സാധ്യമായ രീതിയില്‍ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ ഐസൊലേഷനില്‍ കഴിയണം. രോഗബാധ പകരാന്‍ കാരണമായതായി കരുതപ്പെടുന്ന പ്രദേശത്തെ ബേക്കറി അടച്ച് പൂട്ടിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടല്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.

വേനല്‍ കനത്തതിനാല്‍ തണുത്ത ജ്യൂസ് ഉള്‍പ്പടെ പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രോഗസാധ്യത വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് യോഗം വിലയിരുത്തി. കുടിക്കാന്‍ യോഗ്യമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസുകള്‍ മാത്രമെ ജ്യൂസ് കടകളില്‍ ഉപയോഗിക്കാവൂ. പാനീയങ്ങള്‍ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളമോ ഐ.എസ്.ഐ ഗുണനിലവാര മുദ്രണമുള്ള വെള്ളമോ മാത്രം ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കുമ്പോള്‍ പച്ച വെള്ളം ചേര്‍ത്ത് നല്‍കുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളില്‍ ജല അതോറിറ്റിയുടെ സഹായത്തോടെ ശുദ്ധീകരിച്ച ജലം എത്തിക്കും. ആദിവാസി മേഖലകളിലുള്‍പ്പടെ രോഗബാധ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. അഴുക്കുചാല്‍ വഴി വീടുകളിലെ കുളിമുറി മാലിന്യം ഉള്‍പ്പടെ ഒഴുക്കിവിടുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി.എന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!