എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കും ; മന്ത്രി ജെ. ചിഞ്ചുറാണി

മലപ്പുറം : വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ വികസന ബ്ലോക്കുകളിലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 152 ബ്ലോക്കുകളില്‍ 29 ഇടങ്ങളിലേക്ക് ഇതിനകം വെറ്ററിനറി ആംബുലന്‍സുകള്‍ നല്‍കി കഴിഞ്ഞു. മലപ്പുറം ജില്ലയിലേക്ക് രണ്ടെണ്ണം അനുവദിച്ചു. പുതിയ ബജറ്റില്‍ ഇതിനായി 17 കോടി വകയിരുത്തിയിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ബ്ലോക്കുകളിലും ആംബുലന്‍സ് എത്തും. കര്‍ഷകര്‍ക്ക് 1962 നമ്പറില്‍ കാള്‍ സെന്ററില്‍ വിളിച്ചാല്‍ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലാ ക്ഷീര കര്‍ഷക സംഗമം – ജീവനീയം എടക്കര മുണ്ടയിലെ സെലിബ്രേഷന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് 131 കോടി ചെലവില്‍ മില്‍മയുടെ പാല്‍പൊടി നിര്‍മ്മാണ ഫാക്ടറി യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. അധികമുള്ള പാല്‍ ഇവിടെ തന്നെ പാല്‍പൊടി ആക്കാന്‍ കഴിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാക്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

ക്ഷീര മേഖല 90% പാലില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിയിരിക്കുന്നു. പുറത്ത് നിന്ന് 10% പാല്‍ മാത്രമാണ് ഇപ്പോള്‍ മില്‍മക്ക് വേണ്ടി കൊണ്ട് വരുന്നത്. കൂടുതല്‍ പശുക്കളെ കൊണ്ട് വന്ന് പാലുല്‍പാദനത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നു. നിലവിലുള്ള പശുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പാ സംവിധാനം കൊണ്ട് വരികയാണ്.

ക്ഷീരമേഖലയെ ഉണര്‍ത്താന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. എല്ലാ ജില്ലകളിലും കിടാരി പാര്‍ക്കുകള്‍ സ്ഥാപിച്ചു വരികയാണ്. പുറത്ത് നിന്ന് പശുക്കളെ കൊണ്ട് വരുന്നത് നമുക്ക് കുറക്കാനാവണം. ആരോഗ്യമുള്ള പശുക്കളെ ഇവിടെ ഉത്പാദിപ്പിക്കുകയാണ് കിടാരി പാര്‍ക്കുകളുടെ ലക്ഷ്യം. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ കര്‍ഷകന്റെ വിഹിതം കൂടി ഉള്‍പ്പെടുത്തി പശുക്കള്‍ക്ക് സമഗ്ര ഇന്‍ഷൂന്‍സ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍, മികച്ച ഗുണനിലവാരമുള്ള ക്ഷീരസംഘങ്ങള്‍, ഏറ്റവും കൂടുതല്‍ പാലളന്ന ക്ഷീര സംഘങ്ങള്‍, ജില്ലയില്‍ കൂടുതല്‍ പാലളന്ന ക്ഷീര കര്‍ഷക ക്ഷേമനിധി അംഗം, കൂടുതല്‍ പാലളന്ന വനിതാ ക്ഷീര കര്‍ഷകര്‍, നിലമ്പൂര്‍ ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകര്‍, ഓണ്‍ലൈന്‍ മത്സര വിജയികള്‍, കായിക മത്സര വിജയികള്‍, പ്രായം കൂടിയ ക്ഷീര കര്‍ഷകര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ഫീഡ്സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുംപടി, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ടി ജയിംസ്, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോഹരന്‍, നിലമ്പൂര്‍ നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി. എം ബഷീര്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, വഴിക്കടവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സില്‍വി മനോജ്, നിലമ്പുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ത്രിതല പഞ്ചായത്തുകള്‍, മില്‍മ, കേരള ഫീഡ്സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ നിലമ്പൂര്‍ ബ്ലോക്കിലെ എടക്കര ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി ഇന്ന് (ഫെബ്രുവരി 7) അവസാനിക്കും.ഇന്ന് രാവിലെ ഒമ്പതിന് ക്ഷീര സഹകാരി സെമിനാര്‍ നടക്കും. എ. പി അനില്‍കുമാര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു അധ്യക്ഷത വഹിക്കും.

ഉച്ചയ്ക്ക് രണ്ടിന് ക്ഷീര സംഘം അംഗങ്ങള്‍ക്ക് ക്വിസ്സ് മത്സരം നടക്കും. വൈകീട്ട് മൂന്നിന് കലാ സായാഹ്നം ആരംഭിക്കും.

error: Content is protected !!