തിരുവനന്തപുരം- പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർവിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ആശങ്ക ഇല്ലാതാക്കാനായി. സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻപ് എങ്ങുമില്ലാത്ത വിധത്തിലാണ് പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. അതേ സമയം മലബാറിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുന്നത്. പുതിയ സ്കൂളുകളിൽ പ്ലസ് ടു അനുവദിക്കണമെന്നാണ് ഇവിടത്തെ സംഘടനകൾ ആവശ്യപ്പെടുന്നത്. മികച്ച വിജയം നേടിയ വിദ്യാർഥി കൾ പോലും സീറ്റ് കിട്ടാതെ പെരുവഴിയിൽ ആണ്.