തടസ്സങ്ങൾ നീങ്ങി; കൊളപ്പുറത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകും

വേങ്ങര : നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച ഫയർ സ്റ്റേഷൻ കൊളപ്പുറത്ത് സ്ഥാപിക്കും. കെട്ടിട നിർമാണത്തിന് തടസ്സമായിരുന്ന സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്‌നത്തിന് പരിഹാരം ആയത്. തഹസിൽദാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്.

കൊളപ്പുറം തിരൂരങ്ങാടി പനമ്പുഴ റോഡില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ റീ.സ നമ്പര്‍ 311-ല്‍ ഉള്‍പ്പെട്ട 40 സെന്റ് ഭൂമിയിലാണ് ഫയർ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് എൻ ഒ സി നൽകിയിരുന്നെങ്കിലും സമീപത്തേക്കുള്ള വഴി തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിബന്ധമായി. സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.
ഈ ഭൂമിയോട് ചേര്‍ന്ന് ഭൂമിയുള്ള പി അബ്ദുല്‍ കരീം എന്ന വ്യക്തി ഭൂമിയുടെ തെക്കേഭാഗത്ത് രണ്ട് മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്തിലും വടക്കേ ഭാഗത്ത് ഒരു മീറ്റര്‍ വീതിയില്‍ 25 മീറ്റര്‍ നീളത്തിലും ഭൂമി വിട്ടു നല്‍കാൻ സന്നദ്ധത അറിയിച്ചതോടെയാണ് പരിഹാരമായത്. . ഇതോടെ കെട്ടിട നിര്‍മ്മാണത്തിനുള്ള പ്രയാസങ്ങള്‍ നീങ്ങും. 2015-ല്‍ പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച വേങ്ങര ഫയര്‍ സ്റ്റേഷന്‍ വിവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. മുൻ യു ഡി എഫ് സർക്കാരിന്റെ അവസാന കാലത്ത് കുന്നുംപുറം പി.എച്ച്.സി കോംപൗണ്ടില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭ സ്ഥലം അനുവദിച്ചു തീരുമാനിച്ചിരുന്നുനെങ്കിലും പിന്നീട് സി പി എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നതോടെ അത് മുടങ്ങി. ആശുപത്രി വളപ്പിൽ ഫയർ സ്റ്റേഷൻ നിർമിച്ചാൽ ആആശുപത്രി വികസനത്തിന് സ്ഥലം നഷ്ടമാകും എന്നായിരുന്നു സി പി എമ്മിന്റെ പ്രതിഷേധത്തിന് കാരണം. പിന്നീട്

കുഞ്ഞാലിക്കുട്ടിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് കൊളപ്പുറത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ ഭൂമി കണ്ടെത്തിയതും ഇത് ഫയര്‍ സ്റ്റേഷന് ലഭ്യമാക്കുന്നതും. വിഷയത്തില്‍ നിയമ സഭയിലടക്കം കുഞ്ഞാലിക്കുട്ടി സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു.
ദേശീയ പാത, ചേളാരി ഐ ഒ സി, എയര്‍പോര്‍ട്ട്, യൂണിവേഴ്‌സിറ്റി, താലൂക്ക് ആശുപത്രിയുള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളും നിരവധി വ്യവസായ കേന്ദ്രങ്ങളും കടൽ, പുഴ, റയിൽവേ എന്നീ അപകട സാധ്യതകളും ഉള്ള ഈ സര്‍ക്കിളില്‍ ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇവിടങ്ങളില്‍ തീപിടിത്തമുണ്ടായാല്‍ , താനൂര്‍, തിരൂര്‍, മലപ്പുറം, കോഴിക്കോട് മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നാണ് ഫയര്‍ ഫോഴ്സ് എത്താറുള്ളത്. പലപ്പോഴും ആവശ്യം കഴിഞ്ഞാണ് എത്താറുള്ളത്.
വേങ്ങര ഫയര്‍ സ്റ്റേഷന് അധിക സ്ഥലം ലഭ്യമായ സ്ഥിതിക്ക് കെട്ടിട നിര്‍മ്മാണത്തിലേക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അദ്ധേഹം പറഞ്ഞു. തഹസീല്‍ദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എ,ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ്, എം.എല്‍എയുടെ പി.എ ഉബൈദ് മാസ്റ്റര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ രതീജ്, ഭൂരേഖ തഹസീല്‍ദാര്‍ എന്‍ മോഹനന്‍, ഫയര്‍ ഓഫീസര്‍ എം രാജേന്ദ്രന്‍, ഭൂമി ഉടമ പി അബ്ദുല്‍ കരീം, മുഹമ്മദ് ജാബിര്‍ എന്നിവർ പങ്കെടുത്തു.

error: Content is protected !!