വേങ്ങര കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം ; നാല് പേര്‍ക്ക് കടിയേറ്റു

വേങ്ങര : കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം. പറപ്പൂര്‍ കല്ലക്കയത്താണ് നീര്‍നായയുടെ ശല്ല്യം രൂക്ഷമാകുന്നത്. ഇന്നലെ രാവിലെ നീര്‍നായകളുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. പതിവായി കല്ലക്കയത്ത് നീന്തല്‍ നടത്തുന്ന വേങ്ങര സ്വിമേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ നാലു പേര്‍ക്കാണ് ഇന്നലെ നീര്‍ നായകളുടെ കടിയേറ്റത്. പരുക്കേറ്റവരെ വേങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലക്കയത്തിന് തൊട്ട് താഴെയുള്ള മിഠായിക്കടവ് ഭാഗത്ത് നിന്നും നാല് മാസം മുമ്പ് നിരവധി പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റിരുന്നു. സമീപത്തെ തന്നെ കാവിന്‍ മുമ്പില്‍ കടവ്, വലിയ തൊടു കടവ്, കല്ലക്കയത്തിന് മുകള്‍ വശത്തുള്ള പാറക്കടവ് ഭാഗത്തും നീര്‍നായ ശല്ല്യം രൂക്ഷമാണ്. വേനല്‍ കനത്തതോടെ വെള്ളക്ഷാമം കാരണം ദൂരെ ഭാഗങ്ങളില്‍ നിന്നെത്തുന്നവരടക്കം നിരവധി പേരാണ് കുളിക്കാനും അലക്കാനുമായി പുഴക്കടവുകളിലെത്തുന്നത്. നീര്‍നായ ശല്ല്യം രൂക്ഷമായതോടെ ഇത്തരം ആളുകളും പ്രതിസന്ധിയിലാണ്.

error: Content is protected !!