പോളിയോക്കെതിരെ നേടിയ വിജയം നിലനിര്‍ത്തണമെങ്കില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യം ; പി ഉബൈദുള്ള

മലപ്പുറം : പോളിയോക്കെതിരെ നേടിയ വിജയം നിലനിര്‍ത്തണമെങ്കില്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വിശിഷ്ടാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് പള്‍സ് പോളിയോ സന്ദേശം നല്‍കി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, സംസ്ഥാന നിരീക്ഷകന്‍ ഡോ. എസ്. ഹരികുമാര്‍, കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി . രാജു, ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ കെ രാംദാസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. എന്‍ എന്‍ പമീലി, സൂപ്രണ്ട് ഡോക്ടര്‍ അജേഷ് രാജന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലയില്‍ 4,45,201 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനുള്ളത്. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് സൗകര്യമുണ്ടായരുന്നു. ആദ്യദിനം ബൂത്തില്‍ എത്തി തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് തുടര്‍ദിനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും വൊളന്റിയര്‍മാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പര്‍വൈസര്‍മാരെയും 7794 വൊളന്റിയര്‍മാരെയും സജ്ജരാക്കിയിട്ടുണ്ട്.

error: Content is protected !!