Sunday, March 29

നാടിന്റെ സ്പന്ദനായി തിരൂരങ്ങാടിയിൽ പി.എം.എ സമീര്‍

തിരൂരങ്ങാടി: ജനങ്ങളുടെ നിത്യജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയ ശൈലിയിലൂടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീര്‍ നാടിന്റെ സ്പന്ദനമായി മാറുന്നു. വലിയ വേദികളിലും പ്രഭാഷണങ്ങളിലും മാത്രം ഒതുങ്ങാതെ, വീടുകളിലും വഴികളിലും നേരിട്ട് ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന സമീപനമാണ് സമീറിനെ വ്യത്യസ്തനാക്കുന്നത്.
ചായക്കടകളിലും വീടുമുറ്റങ്ങളിലും ചെറിയ കൂട്ടായ്മകളായി നടക്കുന്ന കൂടിക്കാഴ്ചകളിലൂടെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണ് അദ്ദേഹം. നിങ്ങളുടെ പ്രശ്‌നം എന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശം പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്ന സമീര്‍ സാധാരണക്കാരുടെ വേദനകളും പ്രതീക്ഷകളും അടുത്തറിയാന്‍ പ്രത്യേക ശ്രദ്ധിക്കുന്നു. യുവാക്കളുമായി തുറന്ന സംവാദങ്ങളും സ്ത്രീകളുമായി പ്രത്യേകം കൂടിക്കാഴ്ചകളും മുതിര്‍ന്നവരെ സന്ദര്‍ശിക്കുന്നതുമെല്ലാം ക്യാമ്പെയിനിന്റെ പ്രധാന ഭാഗങ്ങളായി മാറിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ കേട്ട് ഉടന്‍ പരിഹാരത്തിന് ശ്രമിക്കുന്ന ശൈലി ജനങ്ങളില്‍ കൂടുതല്‍ പ്രതീക്ഷയായിട്ടുണ്ട്.
പ്രൊഫഷണല്‍ കഴിവും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച് രാഷ്ട്രീയ രംഗത്ത് മുന്നേറുന്ന സമീര്‍, തിരുരങ്ങാടിയുടെ ഭാവി വികസനത്തിനായി വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന നേതാവായി ഉയര്‍ന്നുവെന്ന് ഒരേ വേദികളിലെ പ്രസംഗവും തെളിയിക്കുന്നു. ജനങ്ങളോടൊപ്പം നിന്ന് അവരുടെ ഹൃദയമിടിപ്പുകള്‍ കേള്‍ക്കുന്ന ഈ രാഷ്ട്രീയ ശൈലിയാണ് പി.എം.എ സമീറിനെ നാടിന്റെ സ്പന്ദനമാക്കുന്നത്. ഇന്നലെ നന്നമ്പ്രയില്‍ നടന്ന ഗുഡ് മോര്‍ണിംഗ് പി.എം.എയിലെ പ്രസംഗം ഏറെ ശ്രദ്ധപിടിച്ചു പറ്റി.
പ്രഭാത പരിപാടിക്ക് ശേഷം നന്നമ്പ്രയിലെ വിവിധ കാരണവന്മാര്‍, രോഗികള്‍, നേതാക്കള്‍ എന്നിവരെയും തെയ്യാല ശാന്തിഗിരി ആശ്രമത്തിലെ സ്വാമി മുക്തചിത്ത ജ്ഞാന തപസ്വിയെയും സമീര്‍ സന്ദര്‍ശിച്ചു. ആശ്രമത്തിലെ അന്തേവാസികളെയും കണ്ട് സംസാരിച്ച ശേഷമാണ് സമീര്‍ ആശ്രമത്തില്‍ നിന്നും മടങ്ങിയത്. നന്നമ്പ്രയിലെ യു.ഡി.എഫ് നേതാക്കളും സമീറിനൊപ്പമുണ്ടായിരുന്നു. പ്രഭാത സംഗമം മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ബാവ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു മുഖ്യപ്രഭാഷണം നടത്തി. എന്‍.വി മൂസക്കുട്ടി അധ്യക്ഷനായി.

error: Content is protected !!