Wednesday, September 17

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഏപ്രില്‍ 20 മുതല്‍ നടക്കും. മലപ്പുറം, പൊന്നാനി ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് 20, 21, 22 തിയതികളിലാണ് വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ടിങ് സെന്ററായ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനാവുക. മറ്റു മണ്ഡലങ്ങളിലെ ഈ വിഭാഗത്തില്‍ വോട്ടര്‍മാര്‍ക്ക് അതത് വരണാധികാരികളുടെ കീഴിലുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.

പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ വകുപ്പ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവശ്യ സര്‍വ്വീസ് (എ.വി.ഇ.എസ്) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നോഡല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോമിലൂടെ അപേക്ഷ നല്‍കിയ മേല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താനാവുക.

error: Content is protected !!