വേങ്ങര : നിരോധിത ലഹരി മരുന്ന് ഇനത്തിൽപ്പെട്ട എം ഡി എം എ യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തിട്ടുണ്ട്. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന Life Cart Home ApplinSes Factory outlet എന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്താൽ വൻ തോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി ഇയാളെ ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ സഹോദരൻ റാഫിയെ 10 ഗ്രാമോളം MDMA യുമായി 2 മാസം മുൻപ് പിടികൂടിയിരുന്നു. ഇയാൾ റിമാൻ്റിൽ കഴിഞ്ഞ് വരികയാണ്. സഹോദരങ്ങൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര ഇൻസ്പക്ടർ ദിനേശ് കോറോത്തിൻ്റെ നേതൃത്വത്തിൽ ഡാൻസഫ് സംഘവും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.