കാരുണ്യം ചൊരിഞ്ഞ് കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി

വേങ്ങര : സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2023 പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട അമ്പത്തിമൂന്ന് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറോളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ആനുകൂല്യ വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് എന്ന പ്രദേശത്ത് വെച്ച് മരണപ്പെട്ട ബൈജു, വാടി ദവാസിറില്‍ വെച്ച് മരണപ്പെട്ട പ്രശാന്ത് എന്നീ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചെക്ക് കൈമാറികൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കാനായി വിവിധ സെന്ട്രല്‍ കമ്മറ്റികളുടെ ഭാരവാഹികള്‍ മറ്റ് ചെക്കുകള്‍ ഏറ്റുവാങ്ങി.

സൗദിഅറേബ്യയുടെ മുഴുവന്‍ മുക്ക്മൂലകളിലുമുള്ള മലയാളി പ്രവാസി സമൂഹത്തെ ഒന്നിച്ച് ചേര്‍ത്ത്, ജാതി മത രാഷ്ട്രീയ ഭേദമന്യേ അംഗത്വം നല്‍കികൊണ്ട് നടന്ന് വരുന്ന സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയില്‍ ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിന്നും ആനുകൂല്യമായി നല്‍കി വരുന്നത്. ഇതിന് പുറമേ പദ്ധതിയില്‍ അംഗമായിരിക്കുമ്പോള്‍ മാരക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുന്നവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട്.

കോഴിക്കോട് ആസ്ഥാനമായി റെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിലാണ് ഇപ്പോള്‍ പദ്ധതി നടന്ന് വരുന്നത്. പ്രവാസികള്‍ക്ക് പുറമേ മുന്‍പ്രവാസികള്‍ക്ക് കൂടി അംഗത്വം നല്‍കികൊണ്ടാണ് പദ്ധതി മുന്നോട്ട് പോവുന്നത്. ഹദിയത്തുറഹ്‌മ എന്ന പേരില്‍ അറുപത് വയസ്സ് പിന്നിട്ട മുന്‍ പദ്ധതി അംഗങ്ങള്‍ക്ക് ഒരു മാസാന്ത പെന്‍ഷന്‍ പദ്ധതിക്ക് കമ്മറ്റി പോയ വര്‍ഷം തുടക്കം കുറിക്കുകയുണ്ടായി, നൂറ്റി അറുപത്തി അഞ്ചു മുന്‍ പ്രവാസികള്‍ക്കാണ് രണ്ടായിരം രൂപ വീതം മാസാന്തം പെന്‍ഷന്‍ നല്‍കുന്നത്.

സൗദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷം വഹിച്ചു, പി.കെ കുഞ്ഞാലികുട്ടി സാഹിബ്, ഇബ്രാഹീം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് രാജ ആലപ്പുഴ, മുജീബ് പൂക്കോട്ടൂര്‍, അവറാന്‍ ഹാജി ഖുന്‍ഫുദ, പി.എ സിറാജ് ആലപ്പുഴ, ബഷീര്‍ കൂട്ടായി, സുലൈമാന്‍ മക്ക, മജീദ് പുകയൂര്‍, ജംഷീര്‍ മങ്കട, എന്നിവര്‍ക്ക് പുറമേ വിവിധ സെന്‍ട്രല്‍ കമ്മറ്റികളുടെ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.

error: Content is protected !!