മലപ്പുറം : ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 19 ന് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചത്. ഈ സംഭവവും കാളികാവ് കുതിരംപൊയിലില്‍ രണ്ടര വയസ്സുള്ള കുട്ടി പിതാവിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവവും സംബന്ധിച്ച് കൊണ്ടോട്ടി ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനു ശേഷമാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.
സിറ്റിങില്‍ പൊലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജില്ലാ സംരക്ഷണ യൂണിറ്റിന്റെയും വിശദീകരണം കേട്ടശേഷമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കേസ് സംബന്ധിച്ചുള്ള എല്ലാ ആശങ്കകളും കേള്‍ക്കുകയും എല്ലാ സഹായങ്ങളും ഉറപ്പു നല്‍കുകയും ചെയ്തു.
മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ സുരേഷ്, മെമ്പര്‍മാരായ അഡ്വ.രാജേഷ് പുതുക്കാട് അഡ്വ.ജാബിര്‍ എന്നിവര്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാനൊപ്പമുണ്ടായിരുന്നു.