കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കിയില്ല ; എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

ചേളാരി : കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എൽപിജി ബോട്ലിംഗ് പ്ലാൻറുകൾക്കു മുമ്പിൽ കേരള സംസ്ഥാന എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മൂന്നു മണിക്കൂർ പ്രതിഷേധധർണ്ണ നടത്തി. തൊഴിലാളികളാരും തന്നെ ജോലിക്കുകയറാഞ്ഞതിനാൽ സംസ്ഥാനത്തെ പ്ലാൻറുകളുടെ പ്രവർത്തനം മൂന്നുമണിക്കൂർ പൂർണ്ണമായും നിശ്ചലമായി. ഐഒസി ചേളാരി ബോട്ലിംഗ് പ്ലാൻറിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.

ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി,ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.ടി. വിനോദ്കുമാർ , സെക്രട്ടറി അജയൻ കൊളത്തൂർ,ബി എം എസ് നേതാവ് ഗിൽബർട്ട് ഐ എൻ ടി യു സി നേതാക്കളായ അഷ്റഫ് പി. രാജൻ കെ. എന്നിവർ സംസാരിച്ചു.

ഫെയർ വേജസും മറ്റ് തൊഴിലാളി ക്ഷേമ നിയമങ്ങളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2022 ഡിസംബറിൽ തന്നെ സി ഐ ടി യു , ഐ എൻ ടിയുസി , ബി എം എസ് യൂണിയനുകളുൾപ്പെടുന്ന സംയുക്ത ട്രേഡ് യൂണിയനുകൾ ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നു. അഡീഷണൽ ലേബർ കമ്മീഷണറുടെയും തൊഴിൽ വകുപ്പ് മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ പതിനഞ്ചിലേറെ തവണ ചർച്ചകൾ നടന്നെങ്കിലും ഇതുവരെയും തീരുമാനമായില്ല. സിലിണ്ടർ ട്രക്ക് ഉടമ സംഘടനകൾ ബഹു കേരള ഹൈക്കോടതിയെ സമീപിച്ച് പണിമുടക്ക് സമരത്തിനെതിരെ വിധി വാങ്ങി തൊഴിലാളി ക്ഷേമ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്ന സമീപനം അനുവദിക്കാനാവില്ലെന്നും ബന്ധപ്പെട്ടവർ അടിയന്തിരമായ് വിഷയത്തിലിടപ്പെട്ട് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും അല്ലെങ്കിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കേണ്ടി വരുമെന്നും യൂണിയനുകൾ വ്യക്തമാക്കി.

error: Content is protected !!