
പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കം വരുന്ന കൈ ചെയിനാണ് വിദ്യാർഥിനികൾ ഉടമക്ക് തിരിച്ചു നൽകി മാതൃകയായത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥിനി ഫാത്തിമ അൻസിയ, എം.കോം പി.ജി വിദ്യാർഥിനി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥിനി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്. പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ സ്വർണമാണ് നഷ്ടമായത്. ജസീന ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് കളഞ്ഞുപോയത്. മൂന്ന് പേരും കോളജിലേക്ക് പോകുന്ന വഴി കോളജ് യൂനിയൻ എം.എസ്.എഫ് ജോയിൻ്റ് സെക്രട്ടറി കൂടിയായ അൻസിയക്കാണ് സ്വർണം ആദ്യം കിട്ടിയത്. അവർ പോകുന്ന സമയം തന്നെ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് ഇന്നലെ പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ വെച്ച് ഫാത്തിമ അൻസിയ സ്വർണാഭരണം കൈമാറി. പൊലിസ് ഉദ്യോഗസ്ഥർ മറ്റു വിദ്യാർഥികൾ സംബന്ധിച്ചു.
പടം:കളഞ്ഞുകിട്ടിയ സ്വർണാഭരണം പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ വെച്ച് ഉടമ കോണിയത്ത് ജസീനക്ക് പി.എസ്.എം.ഒ കോളജ് വിദ്യാർഥിനി ഫാത്തിമ അൻസിയ കൈമാറുന്നു.
സ്വർണം നഷ്ടപ്പെട്ടിരുന്ന ജസീനയുടെ ഭർത്താവ് എഴുതുന്നു..
നാടിന് അഭിമാനം ഈ മിടുക്കികൾ🙏🙏🙏#psmocollege
സമയം 8.28am നേരം വൈകിയത് കാരണം ബസ് സ്റ്റാൻഡിലേക്ക് വിട്ട് കൊടുക്കാൻ നിർബന്ധം പിടിക്കുന്നു. സാധാരണ ആ..പതിവില്ലാത്തതാണ് എങ്കിലും ആദ്യമായി ബസ് സ്റ്റാൻഡിൽ വിട്ട് കൊടുക്കുന്ന ത്രില്ലിൽ ഭാര്യയും.. ത്രില്ല് 15 മിനുട്ട് കൊണ്ട് അവസാനിക്കുകയും ചെയ്ത്ട്ടാ 😂..
വീട്ടിൽ നിന്നും പരപ്പനങ്ങാടി ടൗണിലേക്ക് ഏകദേശം 1km ദൂരം കാണും. കള്ളിമുണ്ടും ടീഷർട്ടും ഇട്ട് മൊഞ്ചനായ ഞാനും പല്ല് പോലും തേക്കാതെ മോളും അവളും ബൈക്കിൽ വരുന്നു..ടൗണിൽ ജംഗ്ഷൻ എത്തിയതും ഒരു കാർ അമിത വേഗത്തിൽ എത്തിയതും ഇൻഡിക്കേറ്റർ ഇട്ട് വളക്കാൻ നിന്ന ഞാൻ പെട്ടെന്ന് ചവിട്ടി നിർത്തിയതും ഒരുമിച്ചായിരുന്നു. പേടിച്ച അവൾ കാൽ നിലത്തു ഉരഞ്ഞതൊന്നും ആ സമയത്ത് പറഞ്ഞില്ല.
നേരെ റെയിൽവേ അണ്ടർ പാസേജ് അടുത്ത് കൊണ്ട് പോയി നിർത്തി കയ്യിൽ കെട്ടാനായി കരുതിയ വാച്ചും ബസ്സിന് കൊടുക്കാനുള്ള പൈസയും ഒറ്റ കയ്യിൽ പിടിച്ച് കൊണ്ട് റ്റാറ്റായും പറഞ്ഞു കൊണ്ട് അവൾ ഓടി..
ദേ 5മിനുട്ട് കഴിഞ്ഞതും വിളിയോട് വിളി.. ഫോൺ എടുത്തതും എന്റെ bracelet കാണുന്നില്ല ഒന്ന് വീട്ടില് നോക്കാൻ പറഞ്ഞു. വീട്ടില് തപ്പീട്ടൊന്നും സാധനം കിട്ടീല..
ഇല്ലെന്ന് പറഞ്ഞത് അവളുടെ ടെൻഷൻ കൂട്ടി.ടീച്ചറായ അവൾക്ക് ക്ലാസ്സ് എടുക്കാനുള്ള മൂഡ് അതോടെ പോയി. സ്കൂളിലെ ടീച്ചർമാർ അവളെ സമാധാനിപ്പിച്ചു. സ്നേഹമുള്ള collegue പല നേർച്ചകളും, കിട്ടാൻ വേണ്ടിയും പ്രാർത്ഥിച്ചു. എങ്ങനെയെങ്കിലും വൈകീട്ട് വീട്ടില് എത്തിയാൽ മതിയെന്ന് തോന്നിയ നിമിഷം 🤣
അപ്പോഴേക്കും വീട്ടില് നേർച്ചകൾ, വഴിപാടുകൾ അങ്ങനെ ഉമ്മയും തുടങ്ങി കഴിഞ്ഞിരുന്നു. ഇതിപ്പോ കയ്യിൽ കിട്ടിയാലും നേർച്ചക്ക് കൊടുക്കാനെ തികയുള്ളു ലോ എന്ന് മനസ്സിൽ ഞാനും 😄
കാര്യം അറിഞ്ഞ ഉടനെ തന്നെ പരപ്പനങ്ങാടി മെർച്ചന്റ് ഗ്രൂപ്പിൽ പകുതി പ്രതീക്ഷയോടെ നഷ്ട്ടപ്പെട്ട സ്ഥലവും,വിവരങ്ങളും അയച്ചിരുന്നു, അതിനിടയിൽ മരണപ്പെട്ട ഒരു വാർത്തയും ഗ്രൂപ്പിൽ വന്നു. അതിന്റെ ഇടയിൽ ഗ്രൂപ്പിലെ മെംബേർസ് ഞാൻ അയച്ച വാർത്ത ആളുകൾ കണ്ടിട്ടുണ്ടാകുമോ എന്ന സംശയവും ഉണ്ടായി.
വൈകീട്ട് വീട്ടിലെത്തിയ ഭാര്യയും ഓഫീസിൽ നിന്ന് വീട്ടിലെത്തിയ ഞാനും തലേന്ന് കുടിയിരിക്കൽ കഴിഞ്ഞ പെങ്ങളുടെ വീട്ടില് ചിലപ്പോ വീണ് പോയിരിക്കും അവിടെയും ഒന്ന് കൂടി മുറ്റവും, അകത്തും എല്ലാം ഒന്ന് കൂടി തപ്പി. നിരാശ തന്നെയായിരുന്നു. പെങ്ങളും അളിയനും കുറെയൊക്കെ തപ്പി അവസാനിപ്പിച്ചതാണ് 🤣
പെങ്ങളെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഞങ്ങൾ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോൾ അതാ വരുന്നു ശുഭ പ്രതീക്ഷയുമായി ദിൽദാർ മുജീബ്കയുടെ വാട്സാപ്പിൽ ഒരു സ്ക്രീന്ഷോട്ട് 🙏
ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയം അടുത്തുള്ള മനോജേട്ടനും പ്രബേട്ടനും അവരുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും നേർച്ചയും ചെയ്തു. പ്രതീക്ഷയാണല്ലോ എല്ലാം.
മുജീബ്കയുടെ സ്ക്രീൻ ഷോട്ടിൽ സ്റ്റാർ മുനീർക്കയുടെ സ്റ്റാറ്റസ് ആയിരുന്നു പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ഒരു ഗോൾഡ് വീണ് കിട്ടിയത് ആരോ ഏൽപ്പിച്ചിട്ടുണ്ട് തെളിവ് സഹിതം വന്നാൽ കിട്ടുമെന്ന്.
മനസ്സിൽ ലഡു അപ്പൊ തന്നെ 🤑പൊട്ടി. സ്ഥലവും സെയിം… അത് തന്നെയാകണേ എന്ന് മനസ്സിലും.
ഉടനെ സ്റ്റേഷനിൽ വിളിച്ചു രാവിലെ വരാനും പറഞ്ഞു..
വീട്ടിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു 😔
പടച്ചോനെ ഇനി അതല്ലെങ്കിൽ…..
രാവിലെ വരെ കാത്തു നിൽക്കാൻ ആർക്കും ക്ഷമ ഇല്ലായിരുന്നു എങ്കിലും രാവിലെയാക്കി എന്ന് പറയാം.
തെളിവ് വേണമെന്ന് പറഞ്ഞത് കൊണ്ട് തലേന്ന് പെങ്ങളുടെ കുടിയിരിക്കലിന് എടുത്ത ഫോട്ടോകളിൽ വ്യക്തമായിരുന്നു അതും വെച്ച് സമാധാനത്തോടെ രാവിലെ വരെ പിടിച്ച് നിന്നു.
ഓഫീസിലേക്ക് പോരുമ്പോൾ അവളും കൂടെ വന്നു. ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറുന്ന ഭയം എല്ലാം അവിടുത്തെ നല്ലവരായ പോലീസുകാർ ഇല്ലാതാക്കി.
നഷ്ട്ടപ്പെട്ട സ്വർണം അവർ കാണിച്ചു തന്നു അത് തന്നെയെന്ന് ഫോട്ടോ കാണിച്ചും ഉറപ്പ് വരുത്തിയപ്പോൾ ഉള്ള ആ നിമിഷം ഉണ്ടല്ലോ…. പറഞ്ഞറിയിക്കാൻ വയ്യ 🙂
1ലക്ഷത്തിനു മുകളിൽ വരുന്ന ഇത് തിരിച്ചു കിട്ടിയിട്ട് ഞമ്മക്ക് ഒന്നുമില്ലേ എന്ന തമാശ ചോദ്യത്തിന് എന്ത് വേണേലും ചെയ്യാലോ എന്ന് ചിരിച്ച് മറുപടിയും കൊടുത്ത് നിൽക്കുമ്പോ.. ഇത് കൊണ്ട് തന്ന ആളുകളെ കാണണ്ടേ അവരുടെ മുന്നിൽ വെച്ച് കൈമാറാം എന്ന ധാരണയിൽ 3 pm ന് എത്താൻ പറഞ്ഞു ഞങ്ങളെ പറഞ്ഞയച്ചു…
സ്റ്റേഷനിൽ പേരറിയാത്ത യൂണിഫോം ധരിക്കാത്ത ആളാണ് ഓടി നടന്നു ഇതെല്ലാം കൈകാര്യം ചെയ്തത്.. കുറച്ചു പേരെ എനിക്ക് നേരിട്ട് അറിയാമെങ്കിലും അവരെല്ലാം കുറച്ചു തിരക്കിലായിരുന്നു..
നേരെ വീട്ടിലേക്ക് വൈഫിനെ പറഞ്ഞയച്ചു. ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ ഞാനും ഭാര്യയും കൂടെ തിരിച്ചു വീണ്ടും സ്റ്റേഷനിലേക്ക് വരുന്നതിനു മുമ്പ്..
കയ്യിൽ കിട്ടി സ്റ്റേഷനിൽ കൊണ്ട് കൊടുത്ത ആളിന് പൈസ കൊടുക്കേണ്ടി വരില്ലേ എന്നും, പൈസ കൊടുത്താൽ അവർക്ക് വിഷമമാകും എന്നൊക്കെ ചർച്ചയും വന്ന്..
എന്ത് ചെയ്യും മല്ലയ്യ 🙄..
കുടുങ്ങിയല്ലോ…
അവസാനം ഒരു തീരുമാനം എടുത്തു..
വരുന്ന വഴി വിജയ ബേക്കറിയിൽ നിന്ന് കുറച്ചു ലഡു വാങ്ങി കയ്യിൽ വെച്ച്..
പണ്ടേ ഗിഫ്റ്റ് സാധനങ്ങൾ തൂക്കി നടക്കുന്നത് ഒര് കുറവാണ്.. അത് ഭദ്രമായി ഭാര്യയെ ഏൽപ്പിച്ചു.
സ്റ്റേഷന് മുന്നിൽ വണ്ടിയും നിർത്തി മുന്നിൽ ഞാനും പുറകിൽ അവളുമായി നടക്കുമ്പോ…
ദാ നിൽക്കുന്നു… ഒന്നല്ല.. രണ്ടല്ല.. മൂന്ന് പേര് 🌹
സ്റ്റേഷനിൽ വേറെ ഏതോ കേസ് കൈകാര്യം ചെയ്തോണ്ട് നിൽക്കുമ്പോഴായിരുന്നു ഞങ്ങളെ എൻട്രി..
വരുമ്പോ തന്നെ ആ മൂന്ന് പേരും പൈസയില്ലാതെ ഇറച്ചിക്ക് നിൽക്കണ പോലെ സ്റ്റേഷന് പുറത്ത് ഒര് മൂലക്ക് നിൽക്കുകയാണ് 😄
അകത്തു കയറിയതും ആരും ഒന്നും ചോദിക്കാത്തത് കൊണ്ടും അങ്ങിനെ തിരിഞ്ഞു കളിച്ചു് നിൽക്കുമ്പോ ഞങ്ങൾക്കും ഒരു സംശയം ഇവരാകുമോ? അതെന്ന്…
Yes..
അവർ തന്നെയാണ് ആ നല്ല മനസ്സിന് ഉടമകൾ🌹🌹
പെട്ടെന്ന് തന്നെ ഭാര്യയും അവരും തമ്മിൽ സംസാരിക്കുന്നു, കാര്യങ്ങൾ ചോദിച്ചറിയുന്നു.
അപ്പോഴേക്കും C I സാറും ബാക്കിയുള്ളവരും വരുന്നു.. ഇന്ന് ട്രാൻസ്ഫർ ആയി വന്നതായിരുന്നു CI സർ, അങ്ങേർക്കും സന്തോഷം, എല്ലാവരും ഹാപ്പി..
പത്രത്തിലൊക്കെ ഒന്ന് കൊടുത്തേക്ക്ട്ടാ എന്ന് ആരോ പറയുന്നതും കേട്ട് 🙄.. അവരെയും കൂട്ടി എന്തെങ്കിലും ഒക്കെ കഴിക്കാമെന്ന് പറഞ്ഞു അവരെയും കൂട്ടി ദിൽദാറിലേക്ക്… അവർക്ക് വേണ്ടത് പറയാം ഓപ്ഷനും കൊടുത്തു.. അവർ ജ്യൂസ് പറഞ്ഞു… കിട്ടിയ തക്കം നോക്കി പൊണ്ടാട്ടിയും ബട്ടർ ഷേക്ക് 🤣
ഞാനൊരു കാപ്പിയും കുടിക്കുന്നതിനിടയിൽ വീട്ടുകാരുടെ വിവരങ്ങളും എവിടെയാ പഠിക്കുന്നതെന്നും ചോദിച്ചറിഞ്ഞു.
മൂന്ന് പേരും താനൂർ സ്വദേശികൾ, PSMO കോളേജിൽ പഠിക്കുന്നവർ..
ഫാത്തിമ അൻസിയ (ഹിസ്റ്ററി 3rd year), റാഷിദ (Mcom ), ഷബ്‌ന (Zoology 3rd) ഇവരാണ് താരങ്ങൾ 🌹🌹
സ്വർണ്ണത്തിനൊക്കെ ഇത്രയും വിലയുള്ള സമയത്ത് വീണ് കിട്ടിയ ലക്ഷം വിലയുള്ള കൈചെയിൻ സ്റ്റേഷനിൽ ഏൽപ്പിക്കാനും, കൊണ്ട് കൊടുക്കാനുള്ള മനസ്സും കാണിച്ച ഇവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏
ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ…
കൂടാതെ നഷ്ട്ടം വന്നപ്പോൾ ആശ്വാസ വാക്കുകൾ നൽകിയും, സമാധാനിപ്പിക്കാൻ വന്ന എല്ലാവർക്കും, ഒരുമിച്ച് നിന്നവർക്കും നന്ദി 🙏🙏
ജാസിം കോണിയത്ത്
പരപ്പനങ്ങാടി