Saturday, February 21

കേരളത്തിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റമുണ്ടായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊന്നാനിയിലെ നിള സംഗ്രഹാലയം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.
ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ മുന്നേറ്റമാണെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയതോടെ 2025-ൽ രണ്ട് കോടിയിലധികം സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിദേശ സഞ്ചാരികളുടെ വരവിൽ 11.33 ശതമാനം വർധനവാണ് ഇക്കാലയളവിലുണ്ടായത്. കോവിഡ് കാലത്ത് വെന്റിലേറ്ററിലായിരുന്ന ടൂറിസം മേഖലയാണ് ചുരുങ്ങിയ കാലയളവിൽ ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അതിനാൽ തന്നെ ലോകത്തിൽ കണ്ടിരിക്കേണ്ട സുപ്രധാന ഇടമായി കേരളത്തെ അന്താരാഷ്ട്ര തലത്തിൽ തെരെഞ്ഞെടുത്തത് വലിയ അംഗീകാരമാണ്. ടൂറിസം രംഗത്ത് ഡെസ്റ്റിനേഷൻ, കാരവൻ, ബീച്ച്, അഡ്വഞ്ചർ, സ്ത്രീ സൗഹൃദം എന്നിങ്ങനെ വിവിധ രീതിയിൽ പദ്ധതികൾ നമുക്ക് ആവിഷ്കരിക്കാൻ സാധിച്ചുവെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കേരള ചരിത്രം ഉൾക്കൊള്ളുന്ന സാംസ്കാരിക കേന്ദ്രമാണ് ഭാരതപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന നിള സംഗ്രഹാലയം. ചമ്രവട്ടം പ്രോജക്ട് ഓഫീസിന്റെ ഭാഗമായുള്ള ഇറിഗേഷൻ ഭൂമിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതിനനുസരിച്ച് ആവശ്യമായി വന്ന ഭൂമി ഇറിഗേഷൻ വകുപ്പിൽ നിന്ന് വിട്ടു കിട്ടുന്നത് ഉൾപ്പെടെ നിരവധി തടസ്സങ്ങൾ നിർമ്മാണ ഘട്ടത്തിലുണ്ടായിരുന്നു. നിലവിൽ എല്ലാ തടസ്സങ്ങളും മറികടന്നു കൊണ്ടാണ് മ്യൂസിയം യാഥാർഥ്യമായിരിക്കുന്നത്.

17000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇൻഡോ – ഡച്ച് വാസ്തു മാതൃകയിൽ ലോകോത്തര നിലവാരത്തിലാണ് നിർമ്മാണം നടന്നിരിക്കുന്നത്. പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും 2.16 കോടിയും കേരള സർക്കാർ ടൂറിസം വകുപ്പ് 9.16 കോടിയും അനുവദിച്ച് കെ.ഐ.ഐ.ഡി.സി യും യു.എൽ.സി.സി.എസും നിർമ്മിച്ച മ്യൂസിയത്തിൽ അക്കൗസ്റ്റിക് ഓഡിറ്റോറിയവും ആംഫി തിയേറ്ററും ഓപ്പൺ എയർ സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഉദ്യാനവത്ക്കരണവും നടത്തി.

ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായിരുന്നു. പദ്ധതിയുടെ ശിലാസ്ഥാപന അനാച്ഛാദനം പി.നന്ദകുമാർ എം.എൽ.എയും നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും നിർവഹിച്ചു. പൊന്നാനി നഗരസഭ ചെയർ പേഴ്സൺ സി.വി സുധ സ്വാഗതം ആശംസിച്ചു. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. യു.എൽ.സി.സി.എസ്. ഡിസൈൻ സ്ട്രാറ്റജി ലാബ് ക്യുറേറ്റർ യാസിർ, പൊന്നാനി നഗരസഭ വൈസ് ചെയർ പേഴ്സൺ സി.പി സക്കീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സൗദാമിനി ടീച്ചർ, വാർഡ് കൗൺസിലർ പി.വി ഉമൈബ, ഇറിഗേഷൻ വകുപ്പ് എക്സി.എൻ ജിനിയർ പി. അരുൺ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി പി. വിപിൻചന്ദ്ര തുടങ്ങിയവരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

നിള സംഗ്രഹാലയം: തെളിയുന്നത് ചരിത്രത്തിലേക്കുള്ള വെളിച്ചം

സാംസ്കാരിക ഭൂമിയായ പൊന്നാനിയിൽ നിള സംഗ്രഹാലയം യാഥാർഥ്യമായതോടെ ചരിത്ര ഭൂമികയിലേക്കുള്ള വെളിച്ചം കൂടിയാണ് തെളിയിക്കപ്പെട്ടത്. കേരള ചരിത്രത്തിൽ പൊന്നാനിയുമായി ബന്ധപ്പെട്ട ആഖ്യാനമാണ് നിള സംഗ്രഹാലയം ഏവർക്കും സമ്മാനിക്കുന്നത്. ഏറെനാൾ നീണ്ട തടസ്സങ്ങൾക്കൊടുവിൽ യാഥാർത്ഥ്യമായ മ്യൂസിയം ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയാണ്.

17000 ചതുരരശ്രഅടി വിസ്തീർണത്തിൽ ഇൻഡോ- ഡച്ച് മാതൃകയിൽ ലോകോത്തര നിലവാരത്തിലാണ് നിർമ്മാണം. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പറയിപെറ്റ പന്തിരുകുലം എന്നിവയുടെ ചിത്രാവിഷ്കാരങ്ങളും എഴുത്തച്ഛൻ, സൈനുദ്ദീൻ മഖ്ദൂം, പൂന്താനം എന്നിവരുടെ സ്മരണകളും ഇടശ്ശേരി, ഉറൂബ്, എം.ടി, എം. ഗോവിന്ദൻ, അക്കിത്തം എന്നിവരുടെ കൂട്ടായ്മയും അവരുടെ സാഹിത്യ സംഭാവനകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം പൂർണ്ണവിവരണം സാങ്കേതിക സംവിധാനത്തിലൂടെ വിവരിച്ച നൽകുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.

പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, സാമൂതിരി, വാസ്കോഡഗാമ എന്നിവരുടെ വരവ്, നിള തീരത്തെ മാധവ ജ്യോതിഷം, തിരുനാവായ മാമാങ്കം, സർവോദയമേള, നാവിക ബന്ധങ്ങൾ, പൊന്നാനിയുടെ സംഗീത പാരമ്പര്യം തുടങ്ങി നാടിന്റെ സമഗ്ര ചരിത്രവും സംസ്കാരവും പുതിയ തലമുറകൾക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി നിളാസംഗ്രഹാലയം ലക്ഷ്യം വെക്കുന്നു. സാംസ്കാരികവും ചരിത്ര സംബന്ധമായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.

ഊരാളുങ്കൽ ഡിസൈൻ സ്ട്രാറ്റജി ലാബാണ് മ്യൂസിയത്തിലെ കാഴ്ചകൾ രൂപകല്പന ചെയ്തിരിക്കുന്നത്. കലണ്ടർ ഓഫ് ഇവന്റസ് എന്ന ഔട്ട് റീച്ച് സങ്കൽപ്പങ്ങളിലൂടെ പ്രഭാഷണങ്ങളും ശില്പശാലകളും സെമിനാറുകളും എഴുതാൻ പ്രാപ്തമായ വൈജ്ഞാനിക ക്യാംപസ് സങ്കൽപ്പമാണ് നിള സംഗ്രഹാലയം വിഭാവനം ചെയ്യുന്നത്. 10 സെന്റിലെ ജപ്പാനീസ് മിയാവാക്കി വനവത്ക്കരണവും ഒന്നര ഏക്കറിൽ ഉദ്യാന വത്ക്കരിക്കപ്പെട്ട ക്യാംപസും പെഡസ്ട്രിയൻ പ്രാമുഖ്യത്തോടെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഗവേഷകർക്കും വിദ്യാർഥികൾക്കും ചരിത്രാന്വേഷികൾക്കും വിനോദസഞ്ചാരികൾക്കും നിളാസംഗ്രഹാലയം ഇനി സുപ്രധാന ഇടമായി തീരും.

error: Content is protected !!